ഓക്സ്ഫോഡ് വാക്സിൻ 90 ശതമാനം വരെ ഫലപ്രദം; ഇന്ത്യയിൽ ലഭ്യമാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട്

ലണ്ടൻ: ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച 'കൊവിഷീൽഡ്' വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് നിർമാതാക്കൾ. ബ്രിട്ടനിലും ബ്രസീലിലും നടന്ന വാക്സിൻ പരീക്ഷണത്തിലാണ് പാർശ്വഫലങ്ങളില്ലാതെ 90 ശതമാനത്തോളം ഫലപ്രാപ്തി കൈവരിച്ചത്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ഓക്സ്ഫോഡ് വാക്സിൻ നിർമാണ ചുമതല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കോവിഡ് മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് രാജ്യത്ത് വാക്സിൻ ലഭ്യമാക്കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

ഓക്സ്ഫോഡ്- ആസ്ട്രസെനേക വാക്സിൻ ആദ്യം പകുതി ഡോസും ഒരുമാസത്തെ ഇടവേളയിൽ മുഴുവൻ ഡോസും നൽകിയപ്പോൾ 90 ശതമാനം വരെ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തി. മറ്റൊരു ഡോസേജിൽ 62 ശതമാനം ഫലപ്രാപ്തിയും ലഭിച്ചു. 70 ശതമാനമാണ് ശരാശരി ഫലപ്രാപ്തിയെന്ന് നിർമാതാക്കൾ അറിയിച്ചു.

20,000 വളന്‍റിയർമാരാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഇതിൽ 131 പേരിൽ മാത്രമാണ് രോഗബാധയുണ്ടായത്.

വാക്സിൻ വളരെ ഫലപ്രദവും സുരക്ഷിതവുമാണെന്നും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും മരുന്നുനിർമാണ കമ്പനിയായ ആസ്ട്രസെനേക മേധാവി പാസ്കൽ സോറിയോട്ട് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിലെ രാജ്യത്തെ പങ്കാളി. ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്‍റെയും ഗവി വാക്സിൻ സഖ്യത്തിന്‍റെയും പിന്തുണ ഇവർക്കുണ്ട്.

കോവിഡിനെതിരെ കൊവിഷീൽഡ് 90 ശതമാനം വരെ ഫലപ്രദമാണെന്ന കാര്യത്തിൽ സന്തോഷമുണ്ടെന്നും ഉടൻ തന്നെ വ്യാപകമായി ലഭ്യമാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനാവാല ട്വീറ്റ് ചെയ്തു. സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് 100 കോടി ഡോസ് വാക്സിൻ ലോകവ്യാപക ഉപയോഗത്തിനായി നിർമിക്കാനാണ് ഓക്സ്ഫഡ്-ആസ്ട്രസെനേക ലക്ഷ്യമിടുന്നത്.

അമേരിക്കൻ കമ്പനിയായ ഫൈസറിന്‍റെ വാക്സിൻ 95 ശതമാനവും മറ്റൊരു കമ്പനിയായ മോഡേണയുടെ വാക്സിൻ 94.5 ശതമാനവും ഫലപ്രദമാണെന്ന് കമ്പനികൾ വ്യക്തമാക്കിയിരുന്നു. ഇവയെക്കാൾ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാണ് ഓക്സ്ഫോഡ് വാക്സിനെന്ന് പാസ്കൽ സോറിയോട്ട് പറഞ്ഞു. ഓക്സ്ഫോഡ് വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും.

ഓക്സ്ഫോഡ് വാക്സിൻ ഫലപ്രാപ്തി തെളിയിച്ചത് വളരെയേറെ ആവേശകരമായ വാർത്തയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.