ജറൂസലം: അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽ പറത്തി ഫലസ്തീൻ ഭൂമിയായ ജറൂസലമിലേക്ക് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ എംബസി മാറ്റിയതിനു പിറകെ അതേ ചുവടുപിടിച്ച് ചെക് റിപ്പബ്ലിക്കും. ഏറ്റവുമൊടുവിൽ വ്യാഴാഴ്ചയാണ് ടെൽ അവീവിലെ തങ്ങളുടെ എംബസിക്ക് ജറൂസലമിൽ അനുബന്ധ ശാഖ തുറന്നത്. ചെക് പ്രധാനമന്ത്രി ആന്ദ്രെ ബാബിസിന്‍റെ സാന്നിധ്യത്തിലായിരുന്നു നടപടി. കഴിഞ്ഞ ദിവസം ഇസ്രായേൽ ചെക് റിപ്പബ്ലികിന് 5,000 ഡോസ് കൊറോണ വാക്സിൻ നൽകിയിരുന്നു.
ചെക് റിപ്പബ്ലിക് നടപടി തങ്ങളുടെ രാജ്യത്തിനും പൗരന്മാർക്കും മേൽ നടത്തിയ നിർലജ്ജമായ കടന്നുകയറ്റമാണെന്ന് ഫലസ്തീൻ കുറ്റപ്പെടുത്തി. അറബ് ലീഗും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ജറൂസലമിലേത് എംബസിയല്ലെന്നും ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നുമാണ് ചെക് റിപ്പബ്ലിക് വിശദീകരണം.
1967 ഓടെ ഇസ്രായേൽ കൈവശപ്പെടുത്തിയ ജറൂസലം ഫലസ്തീന് അവകാശപ്പെട്ടതാണെന്നും കിഴക്കൻ ജറൂസലം തങ്ങളുടെ തലസ്ഥാനമാക്കണമെന്നും ഫലസ്തീൻ ഏറെയായി ആവശ്യപ്പെടുന്നതാണ്. ഇതിന് ചെവികൊടുക്കാതെ തങ്ങളുടെ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് സെർബിയ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.