കറാച്ചി: നേരമൊന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരനായ പാക് പൊലീസുകാരനെ കുറിച്ചാണ് പറയാൻ പോകുന്നത്. 10 കോടി രൂപയാണ് ഒരു രാത്രി ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും കറാച്ചിയിലെ പൊലീസുകാരന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്. സംഗതി ലോട്ടറിയടിച്ചതൊന്നുമല്ല.
കറാച്ചിയിലെ ബഹാദൂറാബാദിലുള്ള പൊലീസ് സ്റ്റേഷനിലെ ആമിർ ഗോപൊങ്ങിന്റെ അക്കൗണ്ടിലാണ് ഉറവിടം അറിയാത്ത 10 കോടി രൂപ എത്തിയത്. ബാങ്ക് ഉദ്യോഗസ്ഥർ വിളിച്ചപ്പോഴാണ് ആമിർ വിവരം അറിയുന്നത്. എന്നാൽ, പണത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതോടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. പണം പിൻവലിക്കുന്നത് തടയാൻ എ.ടി.എം കാർഡ് ബ്ലോക് ചെയ്യുകയും ചെയ്തു.
ഇത്രയും വലിയ സംഖ്യ അക്കൗണ്ടിലെത്തിയ വിവരം അറിഞ്ഞ് അമ്പരന്നിരിക്കുകയാണെന്ന് ആമിർ പ്രതികരിച്ചു. തന്റെ അക്കൗണ്ടിൽ ശമ്പളമായി കിട്ടുന്ന ഏതാനും ആയിരങ്ങളേ ഉണ്ടാകാറുള്ളൂ. എന്നാൽ, കോടികൾ അക്കൗണ്ടിലെത്തിയ വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം പണം അക്കൗണ്ടിലേക്ക് എങ്ങനെ എത്തിയെന്നറിയാൻ ബാങ്ക് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ പാകിസ്താനിലെ ലർകാനയിലും സുക്കൂറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടിടത്തും പൊലീസുകാരുടെ അക്കൗണ്ടുകളിലാണ് അഞ്ചുകോടി വീതം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.