തെൽ അവീവ്: ഹമാസ് തലവൻ യഹ്‍യ സിൻവാർ വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഇസ്രായേലി ഫോറൻസിക് ഡോക്ടർമാർ നടത്തിയ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഗസ്സ നേരിടുന്ന പട്ടിണിയുടെ ആഴം വ്യക്തമാക്കുന്നത് കൂടിയാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്.
മരിക്കുന്നതിന് 72 മണിക്കൂർ മുമ്പ് വരെ സിൻവാർ ഒന്നും കഴിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡി.എൻ.എ പരിശോധനക്കായി സിൻവാറിന്റെ വിരലുകളിലൊന്ന് നീക്കം ചെയ്തുവെന്നും ഇസ്രായേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കുഗേൽ പറഞ്ഞു. വെടിയേറ്റ മണിക്കൂറുകളോളം സിൻവാർ അതിജീവിച്ചുവെങ്കിലും പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‍ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗൽ പറയുന്നു.
ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് വ്യാപക വിമർശനങ്ങളുണ്ടായിരുന്നു. ഇത് തെളിയിക്കുന്നതാണ് യഹിയ സിൻവാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട്. വിമർശനങ്ങൾ ശക്തമായിട്ടും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കാൻ പോലും ഇസ്രായേൽ തയാറായിട്ടില്ല.
2024 ഒക്ടോബർ 16ന് നടത്തിയ ആക്രമണത്തിലാണ് ഇസ്രായേൽ യഹിയ സിൻവാറിനെ വധിച്ചത്. 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ യഹിയ സിൻവാറാണെന്നാണ് ഇസ്രായേൽ പറയുന്നത്. ഹമാസ് നേതാവ് ഇസ്‍മായിൽ ഹനിയയുടെ മരണത്തെ തുടർന്നാണ് സിൻവാർ ചുമതലയേറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.