ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് രാജ്യത്ത് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രിയും പാകിസ്താൻ മുസ്‍ലിം ലീഗ് നേതാവുമായ ശഹബാസ് ശരീഫ്. നവാസ് ശരീഫ് മടങ്ങിയെത്തിയാലുടൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്നും ശഹബാസ് ശരീഫ് വ്യക്തമാക്കി.
പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശഹബാസ്. നവാസ് ശരീഫ് തിരിച്ചെത്തിയാലുടൻ പാർട്ടിയോഗം ചേർന്ന് പാകിസ്താൻ മുസ്‍ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനം കൈമാറുമെന്നും ശഹബാസ് ശരീഫ് വ്യക്തമാക്കി. പി.എം.എൽ-എന്നിന് യുവനേതൃത്വം ആവശ്യമാണെന്ന് പറഞ്ഞ ശഹബാസ് മറിയം നവാസിന്റെ കഠിനാധ്വാനത്തെ അഭിനന്ദിക്കുകയും ചെയ്തു. നവാസ് ശരീഫ് മടങ്ങിയെത്തിയാൽ പാക് രാഷ്ട്രീയം അടിമുടി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പാനമ പേപ്പേഴസ് പുറത്തുവിട്ട അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുകയായിരുന്ന നവാസ് ശരീഫ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദേശത്ത് ചികിത്സക്കായി 2019 നവംബറിൽ കോടതിയിൽ നിന്ന് അനുമതി വാങ്ങിയത്. അന്ന് ലണ്ടനിലേക്ക് പോയ നവാസ് ശരീഫ് പിന്നീട് മടങ്ങിയെത്തിയില്ല.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് നവാസ് ശരീഫിനെ കോടതി അയോഗ്യനാക്കുകയായിരുന്നു. ആജീവനാന്ത അയോഗ്യതക്കെതിരെ നവാസ് ശരീഫിന് അപ്പീൽ നൽകാൻ പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി അവസരമൊരുക്കിയിരുന്നു. പ്രസിഡന്റ് സുപ്രീംകോടതി റിവ്യൂ ഓഫ് ജഡ്ജ്മെന്റ് ആൻഡ് ഓർഡേഴ്സ് ആക്ട് 2023 ഒപ്പുവെച്ചതോടെയാണിത്. ഇതോടെ 60 ദിവസത്തിനുള്ളിൽ നവാസ് ശരീഫിന് അയോഗ്യനാക്കിയതിനെതിരെ ഹരജി നൽകാൻ സാധിക്കും. പുതിയ നിയമപ്രകാരം 184(3) അനുഛേദ പ്രകാരമുള്ള കേസുകളിലെ കോടതി തീരുമാനങ്ങൾക്കെതിരെ ഹരജി നൽകാം. ഈ നിയമം ഇപ്പോൾ മുൻ വിധികൾക്കും ബാധകമാണെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.