ഇസ്ലമാബാദ്: വിശ്വാസവോട്ടെടുപ്പിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വിജയം. 342 അംഗ പാർലമെന്‍റിൽ ഇംറാൻ ഖാൻ 178 വോട്ടുകൾ നേടി. 172 വോട്ടുകളുണ്ടെങ്കിൽ സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കും. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ധനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇംറാൻ ഖാന്‍റെ വിജയം.
പ്രതിപക്ഷ പാർട്ടികൾ നാഷനൽ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെടുപ്പ് ബഹിഷ്കരിക്കുെമന്ന് നേരത്തേതന്നെ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം) വ്യക്തമാക്കിയിരുന്നു. 11 പാർട്ടികളുടെ സഖ്യമാണ് പി.ഡി.എം.
സെനറ്റ് തെരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൽ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് 68കാരനായ മുൻ ക്രിക്കറ്റർക്ക് പാർലമെന്‍റിന്‍റെ കീഴ്സഭയിൽ വിശ്വാസവോട്ട് തേടേണ്ടിവന്നത്. പരാജയത്തോടെ പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
181 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇംറാൻ ഖാൻ സർക്കാർ അധികാരത്തിലേറിയിരുന്നത്. ഫൈസൽ വൗഡയുടെ രാജിയോടെ ഭൂരിപക്ഷം 180 ആയി കുറഞ്ഞിരുന്നു. 160 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
വിശ്വാസവോട്ട് തേടുന്നതിന് മുമ്പ് ഇംറാൻ ഖാനെതിരെ വോട്ട് ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന് ഭരണകക്ഷി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.