ന്യൂഡൽഹി: പാകിസ്താനെ ചാരപട്ടികയിൽ (നിരീക്ഷണ പട്ടിക) നിലനിർത്തി ആഗോള ധനകാര്യ ദൗത്യ സമിതി (എഫ്.എ.ടി.എഫ്). ഭീകരരിലേക്ക് ധനസഹായം എത്തിക്കുന്ന സാമ്പത്തിക തട്ടിപ്പു സംഘങ്ങളെ കണ്ടെത്തുന്നതിൽ പാകിസ്താൻ പരാജയമാണെന്ന് വിലയിരുത്തിയാണ് നടപടി. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയും ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുകയും ചെയ്യുന്നതിന് രൂപം നൽകിയ പാരിസ് ആസ്ഥാനമായ ആഗോള സമിതിയാണ് എഫ്.എ.ടി.എഫ്.
സമിതിയുടെ നിരീക്ഷണ പട്ടികയിൽ നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ലോക ബാങ്ക്, എ.ഡി.ബി, അന്താരാഷ്ട്ര നാണ്യനിധി തുടങ്ങിയവയുടെ ധനസഹായം ലഭിക്കില്ല. കോവിഡ് സാഹചര്യത്തിൽ വെർച്വലായി നടന്ന യോഗത്തിലാണ് പാകിസ്താനെ വീണ്ടും നിരീക്ഷണ പട്ടികയിൽ നിലനിർത്താൻ സമിതി തീരുമാനിച്ചത്.
ഹാഫിസ് സഈദ് ഉൾപ്പെടെ യു.എൻ ആഗോള ഭീകരരായി പ്രഖ്യാപിച്ചവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ പാകിസ്താൻ തയാറാവണമെന്ന് യോഗത്തിൽ സമിതി അധ്യക്ഷൻ മാർകസ് പ്ലെയർ ആവശ്യപ്പെടുകയായിരുന്നു. 2018 മുതൽ പാകിസ്താൻ സമിതിയുടെ നിരീക്ഷണ പട്ടികയിലുണ്ട്. ഇന്ത്യ ഉൾപ്പെടെ 39 രാജ്യങ്ങൾ അംഗങ്ങളായുള്ള സമിതിയിൽ 12 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചാൽ മാത്രമേ നിരീക്ഷണ പട്ടികയിൽനിന്ന് പാകിസ്താന് പുറത്തു കടക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.