പാകിസ്താൻ: അന്തിമഫലം വന്നു; ഇംറാൻ ഖാന്റെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടലിൽ

ഇസ്‍ലാമാബാദ്: പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവിട്ടു. 101 സീറ്റ് നേടി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയെ പിന്തുണക്കുന്ന സ്വതന്ത്രരാണ് മുന്നിൽ. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗിന് (നവാസ്) 75 സീറ്റുണ്ട്.

മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകൻ ബിലാവൽ ഭുട്ടോ നയിക്കുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി 54 സീറ്റുമായി നിർണായക ശക്തിയായി. മുത്തഹിദ ഖൗമി മൂവ്മെന്റ് പാകിസ്താന് 17 സീറ്റുണ്ട്. മറ്റു ചെറുപാർട്ടികൾ എല്ലാം ചേർന്ന് 12 സീറ്റ് സ്വന്തമാക്കി. കേവല ഭൂരിപക്ഷമായ 133ൽ എത്താൻ ഒരു പാർട്ടിക്കും കഴിഞ്ഞില്ല. 266 അംഗ പാർലമെന്റിലെ 264 മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർഥി മരിച്ചതിനാൽ രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. നവാസ് ശരീഫും ബിലാവലും സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. മുത്തഹിദ ഖൗമി മൂവ്മെന്റിനെക്കൂടി ചേർത്ത് സഖ്യ സർക്കാർ രൂപവത്കരിക്കാനാണ് നീക്കം.

അതിനിടെ, തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതായി ആരോപിച്ച് ഇംറാന്റെ പി.ടി.ഐ പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ 170 സീറ്റിൽ വിജയിച്ചതായാണ് അവരുടെ അവകാശവാദം. പി.ടി.ഐയും ചെറുപാർട്ടികളും അട്ടിമറി ആരോപിച്ച് തെരുവിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പലയിടത്തും പി.ടി.ഐ അണികളും പൊലീസും ഏറ്റുമുട്ടി. നേതാക്കളെ ജയിലിലടച്ചും ചിഹ്നം നിഷേധിച്ചും ഒതുക്കാൻ ശ്രമിച്ചിട്ടും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഇംറാന്റെ പാർട്ടി നടത്തിയത്. പ്രവിശ്യ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും പുറത്തുവിട്ടിട്ടുണ്ട്. പഞ്ചാബിലെ 296 സീറ്റിൽ 138 എണ്ണത്തിൽ സ്വതന്ത്രർ ജയിച്ചു. പി.എം.എൽ (എൻ) 137ഉം മറ്റു പാർട്ടികൾ 21ഉം സീറ്റ് നേടി. സിന്ധിലെ 130 സീറ്റിൽ 129 എണ്ണത്തിലെ ഫലമാണ് പുറത്തുവിട്ടത്.

ഒരു സീറ്റിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. പി.പി.പി 84, എം.ക്യു.എം 28, പി.ടി.ഐ സ്വതന്ത്രർ 14 സീറ്റ് നേടി. ഖൈബർ പഖ്തൂൻഖ്വയിലെ 113 സീറ്റിൽ 112 എണ്ണത്തിലെ ഫലം പ്രഖ്യാപിച്ചു. പി.ടി.ഐ സ്വതന്ത്രർക്ക് 89, പി.എം.എൽ (എൻ) 5, മറ്റുള്ളവർ 5 എന്നിങ്ങനെയാണ് സീറ്റുനില. ബലൂചിസ്താനിൽ പി.പി.പി 11, പി.എം.എൽ (എൻ) 9, പി.ടി.ഐ സ്വതന്ത്രർ 5, ജെ.യു.ഐ.എഫ് 8, മറ്റുള്ളവർ 11 സീറ്റ് വീതം സ്വന്തമാക്കി. പ്രവിശ്യ സർക്കാർ രൂപവത്കരണത്തിലും അനിശ്ചിതത്വമുണ്ട്.

കോടതിയിൽ പരാതിപ്രളയം

ഇസ്‍ലാമാബാദ്: പാകിസ്താനിലെ കോടതികളിൽ തെരഞ്ഞെടുപ്പ് അനുബന്ധ പരാതികളുടെ പ്രളയം. പാർലമെന്റിലേക്കും പ്രവിശ്യ നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥികളും പാർട്ടികളും നൂറുകണക്കിന് ഹരജികളാണ് നൽകിയിട്ടുള്ളത്. കൂടുതലും പി.ടി.ഐ അനുകൂല സ്വതന്ത്രരുടേതാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രി പർവേശ് ഇറാഹി, മുൻ ഖൈബർ പക്തൂൺഖ്വ ധനമന്ത്രി തൈമൂർ ജാഗ്ര, മുൻ സ്പീക്കൻ മഹ്മൂദ് ജാൻ, മുൻ പഞ്ചാബ് ആരോഗ്യ മന്ത്രി ഡോ. യാസ്മിൻ റാഷിദ് തുടങ്ങി പ്രമുഖർ ഹരജി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ച രാവിലെയോടെ പൂർണമായി പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഞായറാഴ്ച മാത്രമാണ് പൂർത്തിയായത്.

Tags:    
News Summary - Pakistan: Final result is in; Imran Khan's followers clashed with the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.