തീവ്രവാദികൾ തകർത്ത അമ്പലം പുനർനിർമിക്കുമെന്ന്​ പാക്​ പ്രവിശ്യാ സർക്കാർ

പാകിസ്​ഥാനിലെ ഖൈബർ പ്രവിശ്യയിൽ തീവ്രവാദികൾ തീയിട്ട് നശിപ്പിച്ച അമ്പലം പുനർനിർമിക്കുമെന്ന്​ സർക്കാർ.​ പ്രവിശ്യാ മുഖ്യമന്ത്രി മഹമൂദ് ഖാൻ വെള്ളിയാഴ്ചയാണ്​ ഇതുസംബന്ധിച്ച്​ ഉത്തരവ്​ നൽകിയത്​. ഈ ആഴ്ച ആദ്യം സംഘടിച്ചെത്തിയ ജനക്കൂട്ടമാണ്​ ക്ഷേത്രം നശിപ്പിച്ചത്​. വെള്ളിയാഴ്ച മേഖലയിലെ ആരോഗ്യ കാർഡ് വിതരണ ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ക്ഷേത്രം പുനർനിർമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി വെളിപ്പെടുത്തി.


ഖൈബർ പഖ്തുൻഖ്വയിലെ (കെപി) കാരക് ജില്ലയിലെ ടെറി ഗ്രാമത്തിലെ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷ നേതാക്കളും നേരത്തേ അപലപിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയ മഹമൂദ് ഖാൻ ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട നിരവധി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. സംഭവത്തിൽ തീവ്രവാദ സംഘടനയിൽപെട്ട 45 പേരെ പിടികൂടിയിരുന്നു. അറസ്റ്റിലായവരിൽ ജംഇയ്യത്തുൽ ഉലമ ഇ ഇസ്ലാം നേതാവ് റഹ്മത്ത് സലാം ഖട്ടക്കും ഉൾപ്പെടുന്നു.

തകർന്ന ക്ഷേത്രം പുനർനിർമിക്കാൻ ചഅധികാരികൾക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ വക്താവ്​ കമ്രാൻ ബങ്കാഷും പറഞ്ഞു. ക്ഷേത്രം പുനർനിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ പോലീസ് ഓഫീസറുമായ കാരക്കിന് നിർദേശം നൽകിയിട്ടുണ്ട്. ആക്രമണം ശ്രദ്ധയിൽപ്പെട്ട പാക്​ സുപ്രീംകോടതി ജനുവരി അഞ്ചിന്​ പ്രാദേശിക അധികാരികളോട്​ കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു​.

വിഷയം ചർച്ച ചെയ്യാൻ ഹിന്ദു നിയമസഭാംഗവും പാകിസ്ഥാൻ ഹിന്ദു കൗൺസിൽ മേധാവിയുമായ രമേശ് കുമാർ വങ്ക്വാനിയെ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ്​ വിളിച്ചുവരുത്തിയതായും സുപ്രീംകോടതിയുടെ പ്രസ്താവനയിൽ പറയുന്നു. ദാരുണമായ സംഭവത്തിൽ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും പാർലമെന്‍റ്​ അംഗത്തെ അറിയിക്കുകയും ചെയ്തതായും പ്രസ്​താവനയിലുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.