ഇസ്‍ലാമാബാദ്: കഴിഞ്ഞ വർഷം പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വീണ്ടും മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ടതിനു പിന്നാലെ പാകിസ്താൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ആദ്യ നടപടിയായി കാലാവധി കഴിയുന്ന മുറക്ക് ആഗസ്റ്റ് 12ന് പാക് പാർലമെന്റ് പിരിച്ചുവിടും. ഭരണഘടന ചട്ടപ്രകാരം പിരിച്ചുവിട്ട് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. എന്നാൽ, തെരഞ്ഞെടുപ്പ് നീണ്ടേക്കുമെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ മേയിൽ പുറത്തുവന്ന പുതിയ കാനേഷുമാരി പ്രകാരം മണ്ഡല പുനർനിർണയത്തിന് സമയമെടുക്കുമെന്നാണ് സർക്കാർ പറയുന്ന കാരണം.
അഴിമതി ആരോപിക്കപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇംറാൻ പുറത്താക്കപ്പെടുന്നത്. തൊട്ടുപിറകെ പാകിസ്താൻ മുസ്‍ലിം ലീഗും പാകിസ്താൻ പീപ്ൾസ് പാർട്ടിയും ഒന്നിച്ച് മന്ത്രിസഭ രൂപവത്കരിക്കുകയായിരുന്നു. 18 മാസമായിട്ടും ഈ സഖ്യത്തിനു വേണ്ടത്ര ജനകീയ പിന്തുണ ആർജിക്കാനായിട്ടില്ല.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ വിൽപന നടത്തിയ കണക്ക് വെളിപ്പെടുത്തിയില്ലെന്നു കാണിച്ച് കോടതി അടുത്തിടെ മൂന്നു വർഷം തടവു വിധിച്ച് ജയിലിലടച്ചിരുന്നു. അഞ്ചു വർഷം രാഷ്ട്രീയ വിലക്കും വീണു. ഇതിനെതിരെ ഇസ്‍ലാമാബാദ് ഹൈകോടതിയിൽ ഇംറാൻ അപ്പീൽ നൽകിയിട്ടുണ്ട്. നിലവിൽ 200 ഓളം കേസുകൾ ഇംറാനെതിരെയുണ്ട്. ഇവയെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണം. ഓരോ കേസിലും വിധി എതിരായാൽ ഇംറാന് സമീപകാലത്തൊന്നും രാഷ്ട്രീയത്തിൽ തിരിച്ചുവരവ് സാധ്യമായേക്കില്ല.
അതിനിടെ, പഞ്ചാബിലെ അറ്റോക് ജയിലിൽനിന്ന് എന്തു വില കൊടുത്തും പുറത്തെത്തിക്കണമെന്ന് തന്നെ കാണാനെത്തിയ അഭിഭാഷകരോട് ഇംറാൻ ആവശ്യപ്പെട്ടു. അറ്റോക്കിൽനിന്ന് അഡിയാല ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി നൽകിയ പരാതിയിൽ കോടതി പാക് സർക്കാറിനോട് വിശദീകരണം തേടിയിരുന്നു.
തന്നെ മാത്രമല്ല, തന്റെ പാർട്ടിയായ പാകിസ്താൻ തഹ്‍രീകെ ഇൻസാഫിനെയും അടുത്ത തെരഞ്ഞെടുപ്പിൽ വിലക്കുമോയെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അങ്ങനെ വന്നാൽ, ഭരണപക്ഷത്തിന് കാര്യമായ എതിർപ്പില്ലാതെ തെരഞ്ഞെടുപ്പ് കടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.