ഇസ്ലാമാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) നേതാവുമായ നവാസ് ശരീഫ് വീണ്ടും അധികാരത്തിലേറാൻ സാധ്യത. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി), മുത്തഹിദ ഖൗമി മൂവ്മെന്റ് എന്നിവയുടെ പിന്തുണയോടെ നവാസ് ശരീഫ് അധികാരത്തിലേറാൻ വഴിയൊരുങ്ങിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകനും പി.പി.പി നേതാവുമായ ബിലാവൽ ഭുട്ടോ, അദ്ദേഹത്തിന്റെ പിതാവും പാർട്ടി ചെയർമാനുമായ ആസിഫലി സർദാരി എന്നിവരുമായി നവാസ് ശരീഫിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ശഹബാസ് ശരീഫ് ഞായറാഴ്ച ചർച്ച നടത്തി.
ബിലാവൽ ആദ്യം പ്രധാനമന്ത്രി സ്ഥാനം ആവശ്യപ്പെട്ടെങ്കിലും അയഞ്ഞെന്നാണ് റിപ്പോർട്ട്. മുത്തഹിദ ഖൗമി മൂവ്മെന്റും സഖ്യത്തിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്പീക്കർ സ്ഥാനം അവർക്ക് നൽകിയേക്കും. ഒരു സ്വതന്ത്രൻ നവാസ് ശരീഫിന് പിന്തുണ പ്രഖ്യാപിച്ചതായി തിങ്കളാഴ്ച വൈകീട്ട് റിപ്പോർട്ട് പുറത്തുവന്നു.നേതാക്കളെ ജയിലിലടച്ചും പാർട്ടിക്ക് ചിഹ്നം നിഷേധിച്ചും ഒതുക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത മുന്നേറ്റം നടത്താൻ ഇംറാന്റെ അനുയായികൾക്ക് കഴിഞ്ഞു.
മന്ത്രിസഭ രൂപവത്കരിക്കാൻ വേണ്ടത് 133 സീറ്റ്
ആകെ സീറ്റ് 266
തെരഞ്ഞെടുപ്പ് നടന്നത് 264
ഫലം പിടിച്ചുവെച്ചത് 1
തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് 1
കൂടുതൽ സീറ്റു നേടിയ ഇംറാൻ ഖാന്റെ പാർട്ടി അധികാരത്തിലെത്താതിരിക്കാൻ പ്രതിപക്ഷ യോജിപ്പ്.
പി.എം.എല്ലും പി.പി.പിയും ഒന്നിക്കുന്നു; പ്രധാനമന്ത്രി പദത്തിൽ നവാസ് ശരീഫിന് സാധ്യത.
സൈന്യത്തിന്റെ പിന്തുണ നവാസ് ശരീഫിന്.
അട്ടിമറി ആരോപിച്ച് പി.ടി.ഐ അണികൾ തെരുവിൽ; വിവിധയിടങ്ങളിൽ അക്രമം.
പാക് ഓഹരി വിപണി കൂപ്പുകുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.