ന്യൂഡൽഹി: ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ ചാരസോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് ഫലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരുടെ ഫോണുകളും ചോർത്തി. ആറ് ഫലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരുടെ ഫോണിലാണ് പെഗസസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയത്. ആംനെസ്റ്റി ഇന്‍റർനാഷണലും യൂണിവേഴ്സിറ്റി ഓഫ് ടൊറന്‍റോയുടെ സിറ്റിസൺ ലാബും ചേർന്നുള്ള പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം, പെഗസസ് ഇവരുടെ ഫോണിലേക്ക് കടത്തിവിട്ടതിന് പിന്നിലാരാണെന്ന കാര്യം വ്യക്തമായിട്ടില്ല. ചോർത്തപ്പെട്ടവരിൽ മൂന്നുപേർ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. മറ്റു മൂന്നുപേരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫോൺ ചോർത്തപ്പെട്ടവരിൽ ഒരാൾ 37കാരനായ ഉബായി അബുദിയാണ്. യു.എസ് പൗരത്വമുള്ള സാമ്പത്തിക വിദഗ്ധൻ കൂടിയായ ഇദ്ദേഹം റാമല്ലയിൽ ബിസാൻ സെന്‍റർ ഫോർ റിസർച്ച് ആൻഡ് ഡെവലെപ്മെന്‍റ് എന്ന സംഘടന നടത്തുകയാണ്. ഇക്കഴിഞ്ഞ മാസം ഈ സ്ഥാപനത്തെ ഇസ്രായേൽ തീവ്രവാദ പദവിയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്നു.
പെഗസസിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഇസ്രായേലാണെന്ന നിഗമനത്തിലാണ് തെളിവുകൾ പുറത്തുവിട്ടവർ. ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് ആറ് ഫലസ്തീനിയൻ സംഘടനകൾക്ക് തീവ്രവാദ പദവി നൽകിയതിന് തൊട്ടുപിന്നാലെയാണ് രണ്ട് പ്രാവശ്യം ഫോണിൽ പെഗസസ് പ്രവർത്തിച്ചത്.
ഗവേഷകനായ ഖസ്സൻ ഹലൈക, അഭിഭാഷകനായ സലാ ഹമ്മോറി എന്നിവരാണ് ചോർത്തലിനിരയായ മറ്റ് രണ്ടു പേർ. ഫോണുകൾ ചോർത്തിയ സംഭവം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ അൽ-ഹഖ് ആവശ്യപ്പെട്ടു.
അതേസമയം, തങ്ങൾ സർക്കാർ ഏജൻസികൾക്ക് മാത്രമാണ് പെഗസസ് ചാരസോഫ്റ്റുവെയർ നൽകുന്നത് എന്ന മറുപടിയാണ് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് ആവർത്തിച്ചത്. ഗുരുതരമായ കുറ്റകൃത്യങ്ങളും തീവ്രവാദവും തടയാനാണ് ഇത് ഉപയോഗിക്കുന്നതെന്നും അവർ പറയുന്നു.
നേരത്തെ, 17 അന്താരാഷ്ട്ര മീഡിയ ഒൗട്ട്ലെറ്റുകൾ ചേർന്ന് പെഗസസ് പ്രോജക്ടിന്‍റെ ഭാഗമായി ലോകവ്യാപകമായി ഫോൺ ചോർത്തിയവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇത് വൻ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ 600 സർക്കാർ ഉദ്യോഗസ്ഥർ, 65 ബിസിനസ് എക്സിക്യൂട്ടീവുകൾ, 85 മനുഷ്യാവകാശ പ്രവർത്തകർ,189 മാധ്യമപ്രവർത്തകർ, അറബ്രാജകുടുംബത്തിലെ ഏതാനും വ്യക്തികൾ തുടങ്ങിയവരുടെ ഫോൺ വിവരങ്ങളാണ് ചോർന്നത്.
ഇന്ത്യയിൽ 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ തുടങ്ങിയവരാണ് പെഗസസ് ഫോൺ ചോർത്തിയവരുടെ പട്ടികയിലുണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അടുത്ത അഞ്ച് സുഹൃത്തുക്കൾ, കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ജലശക്തി മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ, വി.എച്ച്.പി മുൻ വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയ തുടങ്ങിയവരാണ് ചോർത്തലിനിരയായ പ്രമുഖർ. സർക്കാറിനെ വിമർശിക്കുന്ന നിരവധി മാധ്യമപ്രവർത്തകരും പട്ടികയിലുൾപ്പെടുന്നു.
പെഗസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ അന്വേഷിക്കാൻ ഈയിടെയാണ് സുപ്രീംകോടതി തങ്ങളുടെ മേൽനോട്ടത്തിൽ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രെൻറ അധ്യക്ഷതയിലുള്ള സമിതിയിൽ റോ മുൻ മേധാവി അലോക് ജോഷി, ഗുജറാത്ത്, ഗാന്ധിനഗർ നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്സിറ്റി ഡീൻ ഡോ. നവീൻ കുമാർ ചൗധരി, കൊല്ലം അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഓഫ് എൻജിനീയറിങ് പ്രഫ. ഡോ. പി. പ്രഭാഹരന്, മുംബൈ ഐ.ഐ.ടി പ്രഫസർ ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരാണ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.