ജറൂസലം: ഇരുരാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അത്യപൂർവ ഇസ്രായേൽ സന്ദർശനം. ബുധനാഴ്ച ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ സുരക്ഷ, സിവിലിയൻ വിഷയങ്ങളാണ് ചർച്ചയായതെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രാലയം അറിയിച്ചു. മധ്യ ഇസ്രായേലിലെ ഗാന്റ്സിന്റെ വസതിയിലാണ് ഇരുനേതാക്കളും സന്ധിച്ചത്. 2010 നുശേഷം ആദ്യമായാണ് അബ്ബാസ് ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേലിലെത്തുന്നത്. ആഗസ്റ്റിൽ ഗാന്റ്സ് വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ അതോറിറ്റി ആസ്ഥാനം സന്ദർശിച്ച് അബ്ബാസുമായി സംഭാഷണം നടത്തിയിരുന്നു.
വർഷങ്ങൾക്കിടെ ഫലസ്തീൻ-ഇസ്രായേൽ ഉന്നതനേതാക്കൾ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. ഇതിനെക്കുറിച്ച് പ്രചരിച്ച മാധ്യമ റിപ്പോർട്ടുകൾക്കു മറുപടിയായി ഫലസ്തീനുമായി സമാധാന കരാറിനില്ലെന്ന് തൊട്ടുപിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് വ്യക്തമാക്കുകയുണ്ടായി. യു.എസ് സമ്മർദം മൂലമാണ് ഇസ്രായേൽ അധികൃതർ ഫലസ്തീൻ നേതാവുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങിയതെന്ന് റിപ്പോർട്ടുണ്ട്.
ജറൂസലമിൽ ഫലസ്തീൻ കോൺസുലേറ്റ് വീണ്ടും തുറക്കാനുള്ള യു.എസ് നീക്കത്തെ ബെനറ്റ് ശക്തമായി എതിർത്തിരുന്നു. ഡോണൾഡ് ട്രംപ് പ്രസിഡന്റായപ്പോഴാണ് ഈ കോൺസുലേറ്റ് അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.