‘നക്ബ’ ദിനത്തിൽ വടക്കൻ ഇസ്രായേലിലെ ശിഫ അംറിൽ ഒത്തുകൂടിയ ഫലസ്തീനികൾ

വംശഹത്യക്കിടെ ‘നക്ബ’ ഓർമകളിൽ ഫലസ്തീനികൾ

ഗസ്സ സിറ്റി: പിറന്ന മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെട്ടതിന്റെ 76ാം വാർഷികത്തിൽ പഴയ ദുരന്തം അതിലേറെ തീവ്രതയോടെ മുന്നിലെത്തിയ തീരാവേദനയിൽ ഫലസ്തീനികൾ. ലോകരാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ, ഫലസ്തീനികളുടെ മണ്ണിൽ ഇസ്രായേൽ എന്ന രാജ്യം 1948ൽ സ്ഥാപിച്ചയുടനും തൊട്ടുമുമ്പുമായി ഏഴുലക്ഷത്തിലേറെ ഫലസ്തീനികൾ കുടിയിറക്കപ്പെട്ടതിന്റെ ദുഃസ്മൃതിയായാണ് നക്ബ അഥവ, ‘ദുരന്ത’ ദിനം ആചരിക്കപ്പെടുന്നത്.

1948ലെ അറബ്- ഇസ്രായേൽ യുദ്ധത്തിനിടെയും ശേഷവുമായി റൈഫിളുകൾ, യന്ത്രത്തോക്കുകൾ, മോർട്ടാറുകൾ എന്നിവയുമായി ഫലസ്തീനികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ട ജൂത മിലീഷ്യകൾ അവരെ പുറത്താക്കുകയും താമസകേന്ദ്രങ്ങൾ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ജറൂസലം, ജഫ്ഫ അടക്കം ഫലസ്തീനി മേഖലകൾ കൂട്ടമായി കൈയേറുകയും ചെയ്തു. മടക്കം നിഷേധിക്കപ്പെട്ടതിനാൽ അയൽരാജ്യങ്ങളായ ലബനാൻ, സിറിയ, ജോർഡൻ എന്നിവിടങ്ങളിൽ അഭയം തേടിയവർ പിന്നീട് വളർന്ന് 60 ലക്ഷത്തോളമായി ഉയർന്നു. അന്ന് ഫലസ്തീനിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് കുടിയേറിയവരുടെ പിൻതലമുറയാണ് ഇന്ന് ഗസ്സ ജനസംഖ്യയുടെ നാലിൽ മൂന്നും. അവർക്കും വിദേശങ്ങളിലുള്ളവർക്കും സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അനുമതി വേണമെന്നതാണ് ഫലസ്തീനികളുടെ കാലങ്ങളായുള്ള ആവശ്യം.

ഏഴുമാസം പിന്നിട്ട ഗസ്സ യുദ്ധത്തിലുടനീളം തുരുത്തിനകത്തേക്കും പുറത്തേക്കും പലവട്ടം കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് ഏറ്റവുമൊടുവിൽ റഫയിൽനിന്ന് കൂട്ട ഒഴിഞ്ഞുപോക്കിന്റെ നാളുകളാണ്. അഞ്ചുലക്ഷം പേർ ഇതിനകം റഫയിൽനിന്നുമാത്രം നാടുവിട്ടു കഴിഞ്ഞു. വടക്കൻ ഗസ്സയിൽനിന്നുൾപ്പെടെ എത്തിയവരാണ് വീണ്ടും പലായനത്തിന് നിർബന്ധിതരാകുന്നത്. ‘1948ൽ എന്റെ സ്വപ്നം തിരിച്ചുവരാനായിരുന്നു. ഇന്നിപ്പോൾ അത് അതിജീവിക്കാനായി മാറിയിരിക്കുന്നു.

മക്കൾക്കും ചെറുമക്കൾക്കും ഒന്നും നൽകാനാകുന്നില്ലെന്നതാണ് ഇന്ന് വേദന’- ‘നക്ബ’ ഓർമകളുമായി മുവാസിയിലെ തമ്പിൽ കഴിയുന്ന അൽഗസ്സാർ എന്ന വൃദ്ധൻ പറയുന്നു. മാസങ്ങൾക്കിടെ 17 ലക്ഷം ഫലസ്തീനികൾ പലായനം ചെയ്യേണ്ടിവന്നു- അഥവാ, ഗസ്സ ജനസംഖ്യയുടെ നാലിൽ മൂന്ന് പേർ. അതും ഒരിടത്തുനിന്ന് അടുത്തതിലേക്കായി പലവട്ടം. അതിർത്തികൾ ഇസ്രായേൽ കൊട്ടിയടക്കുകയും ഈജിപ്ത് നിയന്ത്രണം ശക്തമാക്കുകയും ചെയ്തതിനാൽ ഗസ്സയിൽനിന്ന് ഇത്തവണ പുറംനാടുകളിലേക്ക് കടന്നവരുടെ എണ്ണം വളരെ കുറവാണ്.

ഗസ്സയിൽനിന്ന് മറ്റിടങ്ങളിലേക്ക് ഫലസ്തീനികളെ നാടുകടത്തി സ്ഥലം ഇസ്രായേലിന്റേതാക്കണമെന്നാണ് നെതന്യാഹുവിന്റെ സ്വപ്നം. അതു പക്ഷേ, അംഗീകരിക്കാനാകില്ലെന്ന് യു.എന്നും ലോകരാജ്യങ്ങളും പറയുന്നു. തകർത്തുതരിപ്പണമാക്കിയ ഗസ്സയുടെ അടിസ്ഥാന സൗകര്യങ്ങളിലേറെയും ഇതിനകം നാമാവശേഷമായി കഴിഞ്ഞതിനാൽ എവിടെ താമസിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. 2040 വരെയെങ്കിലും എടുത്തേ താമസകെട്ടിടങ്ങൾ വീണ്ടും സ്ഥാപിക്കാനാകൂ എന്ന് യു.എൻ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Palestinians in 'Nakba' memories during the genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.