വെസ്റ്റ് ബാങ്ക്: കാലിലും കഴുത്തിലും നെഞ്ചിലും വെടിയുതിർത്ത് കൊന്ന ശേഷം 17കാരന്റെ മൃതദേഹത്തോട് കൊടും ക്രൂരത കാണിച്ച് ഇസ്രായേൽ സേന. ബുൾഡോസർ ഉപയോഗിച്ച് അധിനിവേശ സേന മൃതദേഹം ഛിന്നഭിന്നമാക്കി. ബുൾഡോസറിന്റെ ഇരുമ്പ് കൈകൾകൊണ്ട് കൗമാരക്കാരന്റെ കാലുകൾ ഛേദിച്ചു. വയർ കുത്തിക്കീറി ആന്തരികാവയവങ്ങൾ വലിച്ച് പുറത്തിട്ടു.
വെസ്റ്റ്ബാങ്കിലെ തൂബാസിലെ അൽ-ഫറാ അഭയാർത്ഥി ക്യാമ്പിലാണ് മൃഗങ്ങളെ പോലും കവച്ചുവെക്കുന്ന ക്രൂരത ഇസ്രായേൽ സൈനികർ കാണിച്ചത്. ഫലസ്തീനിയൻ സെൻറർ ഫോർ ഹ്യൂമൻ റൈറ്റ്സ് (PCHR) ഈ ഭീകര സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടു. വടക്കൻ വെസ്റ്റ് ബാങ്കിൽ തുടർച്ചയായ 10 ദിവസം അഴിഞ്ഞാടി കൊലപാതകങ്ങളും വ്യാപക നശീകരണവും നടത്തിയ ഇസ്രായേൽ സൈനികർ ഒമ്പതാം ദിവസമായ വ്യാഴാഴ്ച രാവിലെയാണ് 17 വയസ്സുള്ള മജീദ് ഫിദ അബു സീനയെ ക്രൂരമായി കൊന്നത്.
പുലർച്ചെ 12:45 ന് ബുൾഡോസറുകളും ഡ്രോണുകളും സഹിതം അൽ-ഫറാ അഭയാർത്ഥി ക്യാമ്പിൽ ഇരച്ചെത്തിയ സൈന്യം ക്യാമ്പിന്റെ പടിഞ്ഞാറുവശത്തുള്ള മജീദ് ഫിദ അബു സീനയെ വെടിവെക്കുകയായിരുന്നു. ആദ്യം കാലിൽ വെടിയുതിർത്തു. തുടർന്ന് ഒരു പട്ടാളക്കാരൻ അവന്റെ ഷർട്ട് അഴിക്കാൻ കല്പിച്ചു. അവൻ അനുസരിച്ചു. തുടർന്ന് പാൻറ് അഴിക്കാൻ ഉത്തരവിട്ടപ്പോൾ കുട്ടിക്ക് കഴിഞ്ഞില്ല. ഉടൻ തന്നെ പട്ടാളക്കാർ മജീദ് ഫിദയുടെ കഴുത്തിലും നെഞ്ചിലും വെടിവെച്ചു. നിലത്ത് പിടഞ്ഞുവീണ അവൻ ഏകദേശം ഒന്നര മണിക്കൂറോളം രക്തം വാർന്നു കിടന്നു. സഹായം നൽകാനോ മൃതദേഹം മാറ്റാനോ ആരോഗ്യപ്രവർത്തകരെ പോലും ഇസ്രായേൽ സേന സമ്മതിച്ചില്ല.
തുടർന്നായിരുന്നു മനുഷ്യത്വം മരവിപ്പിക്കുന്ന കൊടും ക്രൂരത അരങ്ങേറിയത്. ഏകദേശം പുലർച്ചെ 2:30ന് ഒരു സൈനിക ബുൾഡോസർ കൊണ്ടുവന്ന് കുട്ടിയുടെ ശരീരം വികൃതമാക്കാൻ തുടങ്ങി. വയറു കീറുകയും ആന്തരിക അവയവങ്ങൾ പുറത്തിടുകയും ചെയ്തു. ബുൾഡോസറിന്റെ ഇരുമ്പ് പല്ലിൽ കോർത്ത് കാലുകൾ ഒടിച്ചു. നബ്‍ലസ്-തുബാസ് റോഡിലൂടെ അൽ-ഫറാ കുന്നിൽ മൃതദേഹം വലിച്ചെറിഞ്ഞു. 06:45 അധിനിവേശ സേന സ്ഥലത്തുനിന്ന് പിന്മാറിയ ശേഷം വികൃതമായ തിരിച്ചറിയാനാകാത മൃതദേഹം നാട്ടുകാർ വീണ്ടെടുത്ത് തുബാസ് ടർക്കിഷ് പബ്ലിക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പിന്നീടാണ് കുട്ടി ക്യാമ്പിലെ താമസക്കാരനായ മജീദ് ഫിദ അബു സീന ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.