ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ തകർന്ന ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പ്

പത്ത് ദിവസം നീണ്ട നരനായാട്ട്; വെസ്റ്റ് ബാങ്കിൽ നിന്ന് പിൻമാറി ഇസ്രായേൽ

ജെനിൻ: കനത്ത നാശം വിതച്ച് ഇസ്രായേൽ സേന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പുകളിൽനിന്ന് പിന്മാറി. പത്ത് ദിവസത്തോളം നീണ്ട ആക്രമണങ്ങൾക്ക് ശേഷമാണ് പിന്മാറ്റം.

ജെനിൻ, തുൽകറം, അൽ ഫറാ അഭയാർഥി ക്യാമ്പുകളിൽനിന്നാണ് സൈന്യം ഒഴിഞ്ഞുപോയത്. 39 ഫലസ്തീനികളാണ് ഇവിടെ കൊല്ലപ്പെട്ടത്. 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അധിനിവേശ സേനയുടെ പിന്മാറ്റം തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെയോടെ സൈന്യം പൂർണമായും ഒഴിഞ്ഞുപോയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്ന് സൈനിക പിന്മാറ്റം സംബന്ധിച്ച് ഇസ്രായേൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ഇസ്രായേൽ നടപടി താൽക്കാലികമാണോ എന്ന കാര്യവും വ്യക്തമല്ല. ജെനിനിലാണ് ഏറ്റവും രൂക്ഷമായ വെടിവെപ്പ് നടന്നത്. ഇവിടെ മാത്രം 21 ഫലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടു. 30 ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. നൂറുകണക്കിന് ഇസ്രായേൽ സൈനികരുടെ നേതൃത്വത്തിലായിരുന്നു നരനായാട്ട്.

ഫലസ്തീൻ പോരാളികൾ അഭയാർഥി ക്യാമ്പിൽനിന്ന് ആക്രമണം നടത്തുന്നെന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം. ജെനിൻ പട്ടണത്തിലെ റോഡുകൾ സേന പൂർണമായും നശിപ്പിച്ചു. നിരവധി വീടുകൾക്ക് തീവെച്ചു. കടകൾ തകർത്തു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിച്ചു.

ദിവസങ്ങളോളം ഫലസ്തീനികളെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ആക്രമണം നടന്ന അഭയാർഥി ക്യാമ്പിൽ പ്രവേശിക്കുന്നതിൽനിന്ന് രക്ഷാപ്രവർത്തകരെ വിലക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസുകൾ വഴിയിൽ തടയുകയും ചെയ്തിരുന്നു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2002 ന് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ഏറ്റവും കനത്ത ആക്രമണമായിരുന്നു ഇത്.

Tags:    
News Summary - Israel withdraws from the West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.