മനാമ: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെടുപ്പിൽ നിലവിലെ എം.പിമാരായ ഒമ്പതു പേർ പരാജയപ്പെട്ടു. 40 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഒന്നാം റൗണ്ടിൽ ആറുപേർ മാത്രമാണ് വിജയിച്ചത്. ബാക്കി 34 സീറ്റുകളിലേക്ക് നവംബർ 19ന് രണ്ടാം റൗണ്ട് മത്സരം നടക്കും.
സിറ്റിങ് എം.പിമാരായ അബ്ദുന്നബി സൽമാൻ (നോർതേൺ ഗവർണറേറ്റ് എട്ടാം മണ്ഡലം), സൈനബ് അബ്ദുൽ അമീർ (കാപിറ്റൽ ഗവർണറേറ്റ് ഏഴാം മണ്ഡലം), ഹിഷാം അൽ അഷീരി (മുഹറഖ് ആറാം മണ്ഡലം), അലി അന്നുഐമി (ദക്ഷിണ ഗവർണറേറ്റ് ഏഴാം മണ്ഡലം) എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കാപിറ്റൽ ഗവർണറേറ്റ് ഒന്നാം മണ്ഡലത്തിൽനിന്ന് മുഹമ്മദ് ഹുസൈൻ ജനാഹിയും മുഹറഖ് എട്ടാം മണ്ഡലത്തിൽനിന്ന് അഹ്മദ് സൽമാൻ അൽ മുസലമും വിജയിച്ചു. രണ്ടാം റൗണ്ടിൽ സിറ്റിങ് എം.പിമാരായ 18 പേർ മാറ്റുരക്കുന്നുണ്ട്.
കാപിറ്റൽ ഗവർണറേറ്റിലെ ഒന്നാം മണ്ഡലത്തിൽ മത്സരിച്ച സൗസൺ കമാൽ, ആറാം മണ്ഡലത്തിലെ മഅ്സൂമ അബ്ദുറഹീം, എട്ടാം മണ്ഡലത്തിലെ ഫാദിൽ അസ്സവാദ്, ഉത്തര ഗവർണറേറ്റിലെ രണ്ടാം മണ്ഡലത്തിൽ ഫാത്തിമ അൽ ഖത്തരി, ഏഴാം മണ്ഡലത്തിൽ അഹ്മദ് അൽ ദമസ്താനി, ഒമ്പതാം മണ്ഡലത്തിൽ യൂസുഫ് സൈനൽ, 11ാം മണ്ഡലത്തിൽ മുഹമ്മദ് ബൂ ഹമൂദ് എന്നിവർ പുറത്തായി.
ശക്തമായ മത്സരം നടന്ന മുഹറഖ് ഒന്നാം മണ്ഡലത്തിൽ സിറ്റിങ് എം.പിയായ ഹമദ് അൽ കൂഹ്ജിക്ക് രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ദക്ഷിണ ഗവർണറേറ്റിലെ സിറ്റിങ് എം.പിയായ ഈസ അദ്ദൂസരിക്ക് തന്റെ സഹപ്രവർത്തകനായ മുഹമ്മദ് അൽ സീസിയുമായി നടന്ന ഏറ്റുമുട്ടലിൽ കാലിടറി.
മംദൂഹ് സാലിഹ്, അമ്മാർ അൽ ബന്നായ്, അഹ്മദ് സുലൂം, അമ്മാർ ആൽ അബ്ബാസ്, അലി ഇസ്ഹാഖി, ഇബ്രാഹിം അന്നുഫൈഇ, ഖാലിദ് ബൂ ഉനുഖ്, കുൽസും അൽ ഹായികി, അബ്ദുല്ല അദ്ദൂസരി, സയ്യിദ് ഫലാഹ് ഹാഷിം, അബ്ദുല്ല അൽതവാദി, ബാസിം അൽ മാലികി, മഹ്മൂദ് അൽ ബഹ്റാനി, അഹ്മദ് അൽ ആമിർ, അഹ്മദ് അൽ അൻസാരി, അലി സായിദ്, ബദ്ർ അദ്ദൂസരി, മുഹമ്മദ് അസ്സീസി എന്നീ സിറ്റിങ് എം.പിമാരാണ് രണ്ടാം റൗണ്ടിൽ കളത്തിലുള്ളത്.
ഫൗസിയ സൈനൽ, യൂസുഫ് അൽ തവാദി, അബ്ദുറസാഖ് ഹിതാബ്, മുഹമ്മദ് അൽ അബ്ബാസി, ഈസ അൽ കൂഹ്ജി, അമ്മാർ ഖംബർ, ഗാസി ആൽ റഹ്മ എന്നീ ഏഴ് സിറ്റിങ് എം.പിമാർ മത്സരരംത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. ആദിൽ അസൂമിയുടെ പത്രിക സ്വീകരിക്കാത്തത് കാരണം അദ്ദേഹത്തിന് മത്സരിക്കാൻ സാധിച്ചിരുന്നില്ല.
വോട്ട് രേഖപ്പെടുത്താൻ മുന്നോട്ടുവന്ന മുഴുവൻ പേരെയും പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ പ്രശംസിക്കുകയും ജനാധിപത്യ രംഗത്ത് കൂടുതൽ ജാഗ്രതയോടെ നിലകൊള്ളാൻ ജനങ്ങൾക്ക് കഴിയുമെന്ന് ശുഭപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ഏഴുപേർ മാത്രമാണ് ജയിച്ചത്. 44 പേർ രണ്ടാം റൗണ്ടിൽ മാറ്റുരക്കും. ഒമ്പത് വനിതകൾ പാർലമെന്റിലേക്ക് രണ്ടാം റൗണ്ടിൽ മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.