ടോക്കിയോ: ജപ്പാനിലെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് യാത്ര വിമാനവും കോസ്റ്റ്ഗാർഡ് വിമാനവും കൂട്ടിയിടിച്ചത്. ഇതിൽ യാത്ര വിമാനത്തിന്റെ കാബിനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
സഹായത്തിനായി അലറിക്കരയുന്ന യാത്രക്കാരെ ദൃശ്യങ്ങളിൽ കാണാം. ലാൻഡിങ്ങിന് പിന്നാലെ കോസ്റ്റ്ഗാർഡ് വിമാനവുമായി കൂടിയിടിച്ച് തീപിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യാത്രാ വിമാനവും കോസ്റ്റ്ഗാർഡ് വിമാനവും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചിരുന്നു. കോസ്റ്റ് ഗാർഡ് വിമാനത്തിലെ അഞ്ചു പേരാണ് മരിച്ചത്.
ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് നാലു മണിക്ക് പുറപ്പെട്ട ജപ്പാൻ എയർലൈൻസ് വിമാനം മുൻ നിശ്ചയിച്ച പ്രകാരം 5.40ന് ഹനേഡ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. റൺവേ സിയിൽ വെച്ചാണ് രണ്ട് വിമാനങ്ങളും കൂട്ടിയിടിച്ചത്.
അപകടത്തിന് പിന്നാലെ യാത്രാ വിമാനത്തിലെ 379 യാത്രക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ എട്ട് കുട്ടികളും 12 ജീവനക്കാരും ഉൾപ്പെടും. കോസ്റ്റ് ഗാർഡ് വിമാനത്തിൽ യാത്ര ചെയ്ത ആറു പേരിൽ ഒരാളും രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.