കസാൻ (റഷ്യ): ബ്രിക്സ് ഉച്ചകോടി വേദിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. 2019നു ശേഷം ഇരു നേതാക്കളും ആദ്യമായാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി കൂടിക്കാഴ്ച നടത്തുന്നത്. 2020ൽ ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ അതിർത്തി മേഖലയിലുണ്ടായ സംഘർഷത്തിനു പിന്നാലെയാണ് ഇന്ത്യ - ചൈന നയതന്ത്രബന്ധം വഷളായത്.
“അഞ്ച് വർഷത്തിനു ശേഷമാണ് നാം ഔദ്യോഗിക യോഗം ചേരുന്നത്. നമ്മുടെ ആളുകൾക്ക് മാത്രമല്ല, ലോകത്തിന്‍റെയാകെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ - ചൈന ബന്ധം സുപ്രധാനമാണ്. കഴിഞ്ഞ നാല് വർഷമായി അതിർത്തിയിലുയർന്ന പ്രശ്നത്തിൽ സമവായത്തിൽ എത്താൻ കഴിഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. അതിർത്തിയിലെ സമാധാനം കാത്തുസൂക്ഷിക്കുക എന്നതിന് നാം പ്രാധാന്യം നൽകണം. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം, പരസ്പരം മനസിലാക്കൽ എന്നിവയാകണം നമ്മുടെ ബന്ധത്തിന്‍റെ അടിസ്ഥാനം” -മോദി പറഞ്ഞു.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ചർച്ചയിൽ സുപ്രധാന തീരുമാനം ഉണ്ടായെന്ന റിപ്പോർട്ട് വന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. നയതന്ത്ര, സൈനിക തലങ്ങളിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ, ചൈനീസ് സേനകൾ 2020 മേയിലുണ്ടായ ഗാൽവൻ ഏറ്റുമുട്ടലിനു മുമ്പത്തെ പ്രദേശത്തേക്ക് പിന്മാറാൻ ധാരണയായി. അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും ചർച്ച നടത്തിയത്. അതിർത്തിയിലെ പട്രോളിങ്ങും പഴയ രീതിയിലേക്ക് മാറ്റും.
ഗാൽവൻ സംഘർഷത്തിനു ശേഷം 2022 നവംബറിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടന്ന ജി-20 ഉച്ചകോടി, 2022ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടി വേദിയിലും മോദി - ഷി കൂടിക്കാഴ്ച നടന്നിരുന്നു. എന്നാൽ ഇവ വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ചകൾക്കായിരുന്നു. നാല് വർഷമായി ഇരു രാജ്യങ്ങൾക്കും ഇടയിൽ നേരിട്ട് വിമാന സർവീസ് ഇല്ല. ചൈനയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്ക് അധിക സുരക്ഷാ പരിശോധനക്കു ശേഷമാണ് ഇന്ത്യ വിസ നൽകുന്നത്. ബുധനാഴ്ചത്തെ കൂടിക്കാഴ്ചയോടെ നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമായേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.