പറക്കുംതളികകൾ യാഥാർഥ്യമോ? കണ്ടെത്താൻ അമേരിക്ക, അന്വേഷണത്തിന് പ്രത്യേക സംഘം

വാഷിങ്ടൺ: പറക്കുംതളികയെ കുറിച്ചുള്ള നിഗൂഢതകളുടെ ചുരുളഴിക്കാൻ അമേരിക്ക. ഇതിനായി യു.എസ് നേവിയുടെ കീഴിൽ പ്രത്യേക ദൗത്യസംഘത്തെ തന്നെ പെന്‍റഗൺ നിയോഗിച്ചുകഴിഞ്ഞു. അൺഐഡന്‍റിഫൈഡ് ഏരിയൽ ഫിനോമിന ടാസ്‌ക് ഫോഴ്‌സ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ പേര്.

പറക്കുംതളികകൾ ഉൾപ്പടെയുള്ള ആകാശ പ്രതിഭാസങ്ങൾ യാഥാർഥ്യമാണോ, യാഥാർഥ്യമാണെങ്കിൽ അവയുടെ ഉത്ഭവവും സ്വഭാവവും എങ്ങിനെ തുടങ്ങിയ കാര്യങ്ങളാണ് സംഘം പഠിക്കുക.

പറക്കുംതളികയുമായി അന്യഗ്രഹ ജീവികളുടെ വരവിനേക്കാൾ തങ്ങളുടെ ശത്രുരാജ്യങ്ങൾക്ക് ഇവയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നാണ് അമേരിക്ക അന്വേഷിക്കുക. പ്രധാന എതിരാളികളായ ചൈന ഡ്രോണുകൾ ഉപയോഗിച്ചും മറ്റ് ആകാശമാർഗങ്ങൾ ഉപയോഗിച്ചും നടത്തുന്ന ചാരപ്രവർത്തനത്തെ കുറിച്ച് അമേരിക്കക്ക് നല്ല ആശങ്കയുണ്ട്.

യു.എസ് ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആകാശപ്രതിഭാസങ്ങളെ കുറിച്ചാണ് പ്രധാനമായും പഠിക്കുക. അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ നടക്കുന്ന ഏത് തരം കടന്നുകയറ്റവും പഠനവിധേയമാക്കും. കാണുന്നവർക്ക് എന്താണെന്ന് വ്യക്തമാകാത്ത വസ്തുക്കളെ കുറിച്ചും പഠിക്കും -പെന്‍റഗൺ വക്താവ് സൂസൻ ഗഫ് പറഞ്ഞു.



 

2004ലും 2015ലുമായി യു.എസ് നേവിയുടെ കാമറയിൽ പതിഞ്ഞ യു.എഫ്.ഒ (തിരിച്ചറിയാൻ കഴിയാത്ത പറക്കും വസ്തുക്കൾ) ദൃശ്യങ്ങൾ പെന്‍റഗൺ പുറത്തുവിട്ടിരുന്നു. യു.എഫ്.ഒകളെ കുറിച്ച് പഠിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്‍റെ പദ്ധതിക്ക് തങ്ങൾ ധനസഹായം നൽകിയിരുന്നതായും എന്നാൽ 2012ൽ ഇത് അവസാനിപ്പിച്ചതായും 2017ൽ പെന്‍റഗൺ സ്ഥിരീകരിച്ചിരുന്നു.

ചൈനയുമായി പുതിയ പോർമുഖം തുറക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക യു.എഫ്.ഒകളെ കുറിച്ച് അന്വേഷണത്തിന് ഒരുങ്ങുന്നതെന്ന് ശ്രദ്ധേയമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.