ഗസ്സ സിറ്റി: ചെഗുവേരയുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളും ബാനറുകളും ചെങ്കാടികളും തോക്കുകളുമേന്തി നഗരത്തെ ഇളക്കിമറിച്ച് ഗസ്സ സിറ്റിയിൽ സോഷ്യലിസ്റ്റ് പാർട്ടി റാലി. ഫലസ്തീനിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) ആണ് കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിൽ റാലി നടത്തിയത്.
11 നാൾ നീണ്ടുനിന്ന ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിനെ ചെറുത്തുനിൽപിലൂടെ അതിജീവിച്ച ഫലസ്തീൻ ജനതയുടെ വിജയം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പ്രകടനം സംഘടിപ്പിച്ചത്. ഗസ്സ സിറ്റിയിലെ റിമാൽ പരിസരത്ത് നടന്ന റാലിയിൽ നൂറുകണക്കിന് പുരുഷ -വനിത പ്രവർത്തകർ അണിനിരന്നു. ചെറുത്തുനിൽപ്പിലും രാഷ്ട്രീയത്തിലും തങ്ങളുടെ ഇടം രേഖപ്പെടുത്തുവാനുള്ള നീക്കമായും പി.എഫ്.എൽ.പിയുടെ ശക്തിപ്രകടനത്തെ നിരീക്ഷകർ വിലയിരുത്തുന്നു.
"നമ്മുടെ ഇച്ഛാശക്തിയെയും പോരാട്ടവീര്യത്തെയും ഇല്ലായ്മ ചെയ്യാൻ വേണ്ടി ശത്രുക്കൾ നിലംപരിശാക്കിയ വീടുകളുടെ അവശിഷ്ടങ്ങളുടെ മുകളിൽ നിന്ന് ഞങ്ങൾ പറയുന്നു: വിട്ടുവീഴ്ചകളോ പിൻവാതിൽ ഇടപാടുകളോ അംഗീകരിക്കാത്ത, ഭിന്നതകളില്ലാത്ത ജനങ്ങളാണ് ഞങ്ങൾ ഫലസ്തീനികൾ" പിഎഫ്‌എൽപി നേതാവ് ജാമിൽ മസ്ഹർ പറഞ്ഞു. 2002 മുതൽ ഇസ്രായേൽ തടവിലാക്കിയ പി.എഫ്.എൽ.പിയുടെ സെക്രട്ടറി ജനറൽ അഹ്മദ് സഅദത്തിന്‍റെ സന്ദേശവും ചടങ്ങിൽ മസ്ഹർ വായിച്ചു. "ഞങ്ങളുടെ വിജയം ആഘോഷിക്കുന്ന അറബ്, ഫലസ്തീൻ ജനതയ്ക്കും ലോകത്തെ സ്വതന്ത്രരായ ജനങ്ങൾക്കും അഹ്മദ് സഅദത്തിന്‍റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു" മസ്ഹർ പറഞ്ഞു.
ഇസ്രായേലിനെതിരെ ശക്തമായ ചെറുത്തുനിൽപ് കാഴ്ച വെച്ച പിഎഫ്‌എൽപിയുടെ സായുധ വിഭാഗമായ അബു അലി മുസ്തഫ ബ്രിഗേഡിനെയും ഹമാസ്, ഫത്ഹ്, ഇസ്ലാമിക് ജിഹാദ് തുടങ്ങിയ എല്ലാ ഫലസ്തീൻ രാഷ്ട്രീയ, സായുധ സംഘടനകളെയും മസ്ഹർ അഭിനന്ദിച്ചു. "ഞങ്ങളുടെ അണികൾ 73 വർഷത്തിലേറെയായി പോരാട്ടനിരയിലുണ്ട്. ജനകീയവും സായുധപോരാട്ടവും ഉൾപ്പെടെ സാധ്യമായ എല്ലാ രൂപത്തിലും അധിനിവേശക്കാരെ ചെറുത്തുനിൽക്കുന്നു. ഈ പാത തന്നെ ഇനിയും പിന്തുടരും'' -മസ്ഹർ പറഞ്ഞു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.