വൃദ്ധ ഭിന്നശേഷിക്കാരനോടും ഇസ്രായേൽ ക്രൂരത: അഭയാർഥി ക്യാമ്പിൽവെച്ച് വെടിവെച്ചുകൊന്നു

വെസ്റ്റ്ബാങ്ക്: ഗസ്സയിൽ സ്ത്രീകളെയും കുട്ടികളെയും അടക്കം 8,000ലേറെ പേരെ വ്യോമാക്രമണത്തിൽ ​കൊലപ്പെടുത്തിയ ഇസ്രായേൽ, അധിനിവേശ വെസ്റ്റ് ബാങ്കിലും അതിക്രമം തുടരുന്നു. തൂൽക്കർമ് അഭയാർഥി ക്യാമ്പിൽ വൃദ്ധനായ ഭിന്നശേഷിക്കാരനെ അധിനിവേശ സൈന്യം വെടിവെച്ചുകൊന്നു.

ശാരീരിക വൈകല്യങ്ങളുള്ള മാഗ്ദി സകരിയ യൂസഫ് അവദ് (65) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പരിക്കേറ്റ അവദിനെ താബെറ്റ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധിനിവേശ വെസ്റ്റ് ബാങ്കിൽ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് അവദ്.

ചൊവ്വാഴ്ച രാത്രി ഹെബ്രോണിന് സമീപം 16 വയസ്സുള്ള ഒരു ആൺകുട്ടിയെ വെടിവെച്ചുകൊന്നിരുന്നു. ഒക്ടോബർ 7 മുതൽ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 127 ആയി. 1,980 പേർക്ക് സാരമായി പരിക്കേറ്റു.

വെസ്റ്റ് ബാങ്കിൽ രാപ്പകൽ ഭേദമന്യേ കവചിത സൈനിക വാഹനങ്ങളുമായി ഇരച്ചെത്തുന്ന ഇസ്രായേൽ അധിനിവേശ സൈന്യം ഇന്ന് പുലർച്ചെയും നിരവധി പേരെ വെസ്റ്റ് ബാങ്കിലെ വടക്കൻ നഗരമായ ജെനിനിൽ നിന്ന് പിടികൂടി തടവിലാക്കി. നസ്രത്ത്, നബ്‍ലസ്, ഹൈഫ എന്നിവിടങ്ങളിൽനിന്ന് കവചിത വാഹനങ്ങളും ബുൾഡോസറുകളും അപ്പാച്ചെ ഹെലികോപ്റ്ററുകളുമായാണ് ഇസ്രായേൽ ജെനിൻ അഭയാർഥി ക്യാമ്പിലേക്ക് പ്രവേശിച്ചതെന്ന് ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. ക്യാമ്പിലും പരിസരത്തുമുള്ള നിരവധി വീടുകൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയും ഗ്രനേഡുകൾ, കണ്ണീർ വാതകം എന്നിവ പ്രയോഗിക്കുകയും ചെയ്തു.

അറബ് അമേരിക്കൻ സർവകലാശാലയിലെ അധ്യാപകൻ ജമാൽ ഹവീൽ, ജെനിൻ ഗവർണറേറ്റിലെ ഫതഹ് സെക്രട്ടറി അത്ത അബു റുമൈല, മകൻ അഹമ്മദ് ഉൾപ്പെടെ നിരവധി പേരെ പിടികൂടി ​െകാണ്ടുപോയതായും നിരവധി വീടുകൾ ഇസ്രായേൽ സൈന്യം വളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പിടികൂടിയവരെ ഇസ്രയേൽ സൈന്യം ക്രൂരമായി മർദിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Physically impaired man killed in Israeli raid in West Bank’s Tulkarem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.