കുർദിസ്ഥാൻ തലസ്ഥാനമായ ഇർബിലിൽനിന്നും മലയാളി മദർ സുപ്പീരിയർ സിസ്റ്റർ ഫീഡസ് മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ച് ‘മാധ്യമ’ത്തോട് പ്രതികരിക്കുന്നു

മാർപാപ്പ ഇന്ന് കുർദിസ്ഥാനിൽ; ഇർബിൽ ഒരുങ്ങി

ഇർബിൽ: ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഇറാഖി കുർദിസ്ഥാൻ തലസ്ഥാനമാ‍യ ഇർബിൽ ഒരുങ്ങി. നാലു ദിവസത്തെ ഇറാഖ് സന്ദർശനത്തിടയിൽ മാർപാപ്പ ഇന്നാണ് ഇർബിലിലെത്തുന്നത്. കിർക്കൂക് റൊഡിലുള്ള ഫ്രാൻസോ ഹരീരി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്യും. സമ്മേളനത്തിൽ 10000ത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇർബിൽ നഗരമെമ്പാടും വലിയ ഫ്ലക്സുകളാലും തെരുവിൽ തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. കുർദിസ്ഥാനിലേക്ക് സ്വാഗതമെന്ന് ഇലക്ട്രോണിക് സൈൻബോഡുകളിൽ തെളിയുന്നു. റോഡുകളിൽ സുരക്ഷ ശക്തമാക്കി. പ്രധാന കാത്തലിക് ചർച്ചുകളെല്ലാം പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്. അങ്കാവയിലെ പള്ളിയിൽ മാർപാപ്പയുടെ ഏറ്റവും വലിയ കട്ടൌട്ടും ഒരുക്കി. 100 മീറ്ററിലെ എയർപ്പോട്ട് റോഡ് മുതൽ ക്രിസ്ത്യൻ സമൂഹം കൂടുതൽ ജീവിക്കുന്ന ഇർബിലെ അങ്കാവ വരെ പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്.

കുർദിസ്ഥാൻ പ്രസിഡൻറ് ന്നെജിർവാൻ ബർസാനിയും മാർപാപ്പയും ചേർന്നുള്ള ചിത്രങ്ങൾ പ്രധാന റോഡുകളിലെല്ലാം പതിച്ചിട്ടുണ്ട്. കലുഷിതമായ ഇറാഖിനുള്ള സ്നേഹ സമ്മാനമാണ് മാർപാപ്പയുടെ സന്ദർശനമെന്ന് എർബിലിലെ ചീഫ് ബിഷപ് ബഷ്ഷാറ് വർധ മാധ്യമത്തോട് പറഞ്ഞു. ഈ സന്ദർശനത്തിൽ തീർച്ചയായും ഇറാഖി ജനതക്ക് അനുകൂലമായിരിക്കുമെന്നും എല്ലാം തകർന്ന സമൂഹത്തിന് ധാർമ്മികമാ‍യ കരുത്ത് പകരുമെന്നും രാജ്യത്തെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മാർപാപ്പയുടെ വരവിൽ കുർദിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹം ആഹ്ലാ‍ദത്തിലാണ്. ഇർബിലിൽ നിന്നും 100 പേരുടെ വളണ്ടിയർ സംഘം സജ്ജമായി കഴിഞ്ഞു. മാർപാപ്പ പങ്കെടുക്കുന്ന വേദിയിൽ പാടാനുള്ള ഗായകരുടെ സംഘവും സജ്ജമാണ്. ഇറ്റാലിയൻ അറബിക്, സിറിയാക്, അരമായിക് ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. സമ്മേളനത്തോടനുബന്ധിച്ച് മത നേതാക്കളുടേയും സംഗമം ഒരുക്കിയിട്ടുണ്ട്. മലയാളികളായ കന്യാസ്ത്രീകൾ ഉൾപ്പെടെ വലിയ സംഘം മാർപാപ്പയുടെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് മലയാളി മദർ സുപ്പീരിയർ സിസ്റ്റർ ഫീഡസ് 'മാധ്യമ'ത്തോട് പറഞ്ഞു.

കാലങ്ങളായി അസ്ഥിരമായി തുടരുകയും കലുഷിതമായ സാഹചര്യങ്ങളിൽ ഉഴലുകയും ചെയ്യുന്ന ഇറാ‍ഖിലേക്കുള്ള സമാധാനത്തിൻെറ വാക്സിനാണ് മാർപാപ്പയുടെ വരവെന്ന് ഫാദർ നഷ്വാൻ കോസ വിശേഷിപ്പിച്ചു. ലോകം മുഴുവൻ മാറാവ്യാധിക്കുള്ള വാക്സിനാണ് തേടുന്നതെങ്കിൽ ഇറാഖ് സമാധാനവും സുരക്ഷിത ജീവിതവുമാണ് തേടുന്നതെന്നും അതിന് മാർപാപ്പയുടെ സന്ദർശനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.