ന്യൂയോർക്: ലോകം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ സഞ്ചരിക്കണമെന്നും യുദ്ധങ്ങളും സംഘർഷവും അവസാനിപ്പിക്കണമെന്നും പോപ് ഫ്രാൻസിസ് മാർപാപ്പയും ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ശൈഖ് അഹ്മദ് അൽ ത്വയ്യിബും ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതി ഇരുവരെയും സംയുക്ത പ്രഭാഷണത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ, അടിവയർ ശസ്ത്രക്രിയയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പ യു.എൻ യോഗത്തിലേക്ക് പ്രസ്താവന അയച്ചു.
വത്തിക്കാനിലെ റിലേഷൻഷിപ് സെക്രട്ടറി ആർച്ച് ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗെർ ആണ് പോപ്പിന്റെ സന്ദേശം വായിച്ചത്. മനുഷ്യരാശി സാഹോദര്യത്തിന്റെ ക്ഷാമം നേരിടുകയാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ആഗോള സമാധാനത്തിന്റെ താക്കോൽ മനുഷ്യസാഹോദര്യമാണെന്ന് യു.എൻ കൗൺസിലിന് നൽകിയ വിഡിയോ സന്ദേശത്തിൽ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ശൈഖ് അഹ്മദ് അൽ ത്വയ്യിബ് പറഞ്ഞു. ബുദ്ധിശൂന്യമായ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് കൗൺസിലിനോട് സംസാരിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ഗ്രാൻഡ് ഇമാം രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.