വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണകേന്ദ്രമായ ക്യൂരിയയുടെ പുതിയ അപ്പസ്തോലിക ഭരണഘടന ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കി. സ്ത്രീകളടക്കം മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്ക വിശ്വാസിക്കും വത്തിക്കാൻ വകുപ്പുകളുടെ മേധാവിയാകാമെന്ന് ജൂൺ അഞ്ചിന് പ്രാബല്യത്തിൽ വരുന്ന 54 പേജുള്ള ഭരണഘടനയിൽ പറയുന്നു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ അംഗീകരിച്ച 1988ലെ പഴയ ഭരണഘടനപ്രകാരം വകുപ്പുകളുടെ മേധാവി കർദിനാൾ അല്ലെങ്കിൽ ബിഷപ്പുമാരാണ്. ഒരു സെക്രട്ടറി, വിദഗ്ധർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ സഹായിക്കും. മാർപ്പാപ്പ, ബിഷപ്പുമാർ, മറ്റ് നിയുക്ത ശുശ്രൂഷകർക്ക് മാത്രമല്ല, സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭരണ, ചുമതല പങ്കാളിത്തമുണ്ടാവണമെന്ന് ഭരണഘടനയുടെ ആമുഖം പറയുന്നു.
വിശ്വാസികളിലെ ഏതൊരാൾക്കും ക്യൂരിയ വകുപ്പ് അല്ലെങ്കിൽ സംഘടനകളുടെ തലവനാകാൻ മാർപ്പാപ്പക്ക് തീരുമാനിക്കുകയും അവരെ നിയമിക്കുകയും ചെയ്യാമെന്ന് ഭരണഘടന തത്ത്വങ്ങളിൽ പറയുന്നു. വത്തിക്കാനിലെ സാമ്പത്തിക വകുപ്പിന്റെ തലപ്പത്തേക്ക് സ്ത്രീയെ ഷോർട്ട്‌ലിസ്റ്റ് ചെയ്തതായും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അവർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്നും 2018ൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ മാർപാപ്പ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം വത്തിക്കാൻ സിറ്റിയുടെ ഗവർണർ പദവിയിലേക്ക് സിസ്റ്റർ റാഫെല്ല പെട്രിനിയെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷംതന്നെ ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ നീതി, സമാധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന വത്തിക്കാൻ വികസന കാര്യാലയത്തിന്റെ ഇടക്കാല സെക്രട്ടറിയായും നിയമിച്ചിരുന്നു.
കൂടാതെ, ഏതാനും വർഷത്തിലൊരിക്കൽ നടക്കുന്ന ബിഷപ്പുമാരുടെ പ്രധാന സമ്മേളനങ്ങൾ തയാറാക്കുന്ന ഡിപ്പാർട്ട്‌മെന്റായ ബിഷപ്പ്‌സ് സിനഡിന്റെ സഹ-അണ്ടർസെക്രട്ടറിയായി സേവിയർ മിഷനറി സിസ്റ്റേഴ്‌സിലെ ഫ്രഞ്ച് അംഗമായ നതാലി ബെക്വാർട്ടിനെ മാർപാപ്പ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.