വത്തിക്കാൻ സിറ്റി: ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ പ്രതികരിച്ച് പോപ് ഫ്രാൻസിസ്. ഹമാസ് ബന്ധിക്കളാക്കിയവരെ ഉടൻ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണമുണ്ടാവുമ്പോൾ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നും പോപ് പറഞ്ഞു.
സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ സംസാരിക്കുമ്പോഴാണ് പോപിന്റെ പ്രതികരണം. ഇസ്രായേലിലും ഫലസ്തീനിലും എന്താണ് സംഭവിക്കുന്നതെന്നത് താൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഒരുപാട് ആളുകൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു. ആഘോഷ ദിനം ദുരന്തദിനമായി മാറിയ കുടുംബങ്ങൾക്കായി പ്രാർഥിക്കുന്നു. ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ആർക്കും അത് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഗാസയിലെ ഇസ്രായേലിന്റെ പൂർണ ഉപരോധത്തിൽ ആശങ്കയുണ്ട്. ഗാസയിലും നിരപരാധികളായ നിരവധി ഇരകളുണ്ടെന്ന് പോപ് പറഞ്ഞു.
അതേസമയം, പോപ്പിന്റെ വാക്കുകളോട് വത്തിക്കാനിലെ ഇസ്രായേൽ അംബാസിഡർ റാഫേൽ സ്കൂട്ട്സ് പ്രതികരിച്ചു. വത്തിക്കാൻ സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നത് താൻ മനസിലാക്കുന്നു. ഞങ്ങൾക്കും സമാധാനം വേണം. എന്നാൽ, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ കുറിച്ച് കൂടുതൽ ശക്തമായ വാക്കുകൾ കേൾക്കാൻ താൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ഇസ്രായേൽ സംഘർഷത്തിന് അന്ത്യം കുറിക്കാൻ തീവ്രവാദത്തിനും വിഘടനവാദത്തിനും സാധിക്കില്ലെന്നും പോപ് പറഞ്ഞിരുന്നു. വിദ്വേഷവും, അക്രമവും പ്രതികാരവും ഇരുഭാഗത്തും നാശമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.