ലോസ് ആഞ്ചൽസ്: കുറഞ്ഞത് രണ്ട് പേരെങ്കിലും സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി നീക്കിവെച്ച കാർ പൂൾ പാതയിൽ ഒറ്റക്ക് സഞ്ചരിച്ചതിന് ടെക്സാസിൽ ഗർഭിണിക്ക് പിഴ. എന്നാൽ കർശനമായ പുതിയ ഗർഭഛിദ്ര നിയമങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ ഗർഭസ്ഥ ശിശുവിനെയും യാത്രക്കാരനായി കണക്കാക്കേണ്ടതാണെന്ന് യുവതി വാദിച്ചു.
32 കാരിയായ ബ്രാൻഡി ബോട്ടനാണ് 34 ആഴ്ചയായ ഗർഭസ്ഥശിശുവിനെ സഹയാത്രികയായി കണ്ട് കാർ പൂൾ പാതയിലൂടെ വാഹനമോടിച്ചത്. എന്നാൽ കാർ പൂൾ പാതയിൽ തനിച്ച് വാഹനമോടിച്ചെന്ന് കാണിച്ച് പൊലീസ് പിഴ ചുമത്തി. ഇതിനെതിരെ കോടതിയിൽ പോകുമെന്നാണ് യുവതി പറയുന്നത്.
സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഫെഡറൽ നിയമം യുനൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി ദിവസങ്ങൾക്ക് മുമ്പ് തിരുത്തിയിരുന്നു. അതിനാൽ തന്റെ ഗർഭസ്ഥ ശിശു നിയമത്തിന്റെ ദൃഷ്ടിയിൽ ഒരു വ്യക്തിയാണെന്ന് ബോട്ടോൺ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.
'കാറിൽ മറ്റാരെങ്കിലും ഉണ്ടോ' എന്ന് പൊലീസ് അന്വേഷിച്ചപ്പോൾ ഞാൻ എന്റെ വയറ്റിലേക്ക് ചൂണ്ടി ഇവിടെയുണ്ട് എന്ന് പറഞ്ഞു' ബോട്ടൺ വ്യക്തമാക്കി. എന്നാൽ ഗർഭസ്ഥ ശിശുവിനെ കണക്കിലെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരും ശരീരത്തിന് പുറത്തുള്ളവരായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതൊരു കുഞ്ഞാണ് എന്ന് താൻ ശക്തിയുക്തം വാദിച്ചുവെന്നും ബോട്ടൻ സി.എൻ.എന്നിനോട് പറഞ്ഞു.
ടെക്സാസ് ക്രിമിനൽ കോഡ്, പല സംസ്ഥാനങ്ങളിലെയും പോലെ ഗർഭസ്ഥ ശിശുവിനെ വ്യക്തിയായി അംഗീകരിക്കുന്നു, എന്നാൽ ഗതാഗതം നിയന്ത്രിക്കുന്ന നിയമങ്ങൾക്ക് ഇത് ബാധകമല്ല.
കഴിഞ്ഞ മാസം യു.എസ് സുപ്രീംകോടതി ഗർഭഛിദ്രം നിരോധിക്കുന്നതിനു മുമ്പ് തന്നെ, ടെക്സാസിലെ പുതിയ നിയമം ആറാഴ്ചയ്ക്ക് ശേഷമുള്ള എല്ലാ ഗർഭഛിദ്രങ്ങളും നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.