ഇസ്ലാമാബാദ്: ഇസ്രായേലുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മൂന്നുദിവസത്തെ സന്ദർശനത്തിനായി പാകിസ്താനിലെത്തി. വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും റൈസിയെ അനുഗമിക്കുന്നുണ്ട്.
ഫെബ്രുവരിയിൽ പൊതു തെരഞ്ഞെടുപ്പ് നടന്ന ശേഷം ആദ്യമായാണ് ഒരു രാഷ്ട്രത്തലവൻ പാകിസ്താൻ സന്ദർശിക്കുന്നത്. പാകിസ്താൻ പ്രസിഡന്റ് ആസിഫലി സർദാരി, പ്രധാനമന്ത്രി ശഹബാസ് ശരീഫ്, സെനറ്റ് ചെയർമാൻ സയ്യിദ് യൂസുഫ് റസ ഗിലാനി, പാർലമെന്റ് സ്പീക്കർ സർദാർ സാദിഖ് തുടങ്ങിയവരുമായി ഇറാൻ സംഘം ചർച്ച നടത്തും.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് സന്ദർശനമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ, സൈനിക പ്രാധാന്യമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ തീവ്രവാദി വേട്ട എന്ന പേരിൽ ഇറാൻ വ്യോമാക്രമണം നടത്തുകയും പാകിസ്താൻ ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണം നടത്തുകയും ചെയ്തത് യുദ്ധഭീതി പടർത്തിയിരുന്നു. ചൈന ഉൾപ്പെടെ ഇടപെട്ട് ദിവസങ്ങൾക്കകം ഈ പ്രശ്നം പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.