വാഷിങ്ടൺ: പരസ്പരം കൊമ്പുകോർത്ത് ഡോണൾഡ് ട്രംപ് ഭരിച്ച നാലു വർഷത്തിനു ശേഷം സൗഹൃദത്തിെൻറ വഴി തേടി ചൈനീസ്- അമേരിക്കൻ പ്രസിഡൻറുമാരുടെ ഫോൺ സംഭാഷണം. സ്വതന്ത്രവും തുറസ്സാർന്നതുമായ ഇൻഡോ- പസഫിക് മേഖല പ്രധാനമാണെന്ന് ബൈഡനും പരസ്പര സംഘർഷം ദുരന്തമാകുമെന്ന് ഷി ജിങ്പിങ്ങും ഓർമിപ്പിച്ച ഫോൺ സംഭാഷണം ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കത്തിെൻറ തുടക്കമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
കഴിഞ്ഞ വർഷം മാർച്ചിൽ ഡോണൾഡ് ട്രംപും ഷിയും തമ്മിലാണ് അവസാനമായി ഇരുരാജ്യങ്ങൾക്കുമിടയിൽ നേതൃതല സംഭാഷണം നടന്നത്. ബൈഡൻ അധികാരമേറിയ ശേഷം ആദ്യത്തേതും. കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ഷി ബൈഡനെ ഫോൺ സംഭാഷണത്തിൽ അനുമോദിച്ചു.
അതേ സമയം, പ്രചാരണ കാലയളവിൽ ഷിയെ തെമ്മാടിയെന്ന് ബൈഡൻ വിളിച്ചത് വാർത്തയായിരുന്നു. ''ചൈനയെ സമ്മർദത്തിലാക്കി ഒറ്റപ്പെടുത്താനും ശിക്ഷിക്കാനും രാജ്യാന്തര തലത്തിലെ ശ്രമങ്ങൾക്ക് മുന്നിൽനിൽക്കുമെന്നും'' അന്ന് പ്രഖ്യാപനം നടത്തി.
ചൈനക്കു മേൽ സമ്മർദം തുടരുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷവും ബൈഡൻ ഭരണകൂടം പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും
ട്രംപിനു പകരം ഡെമോക്രാറ്റ് പ്രതിനിധിയായി ബൈഡെൻറ വരവ് പ്രതീക്ഷയോടെയാണ് ചൈന കാണുന്നത്. ബൈഡൻ ''പ്രായോഗികമായി പ്രവർത്തിക്കുന്നയാളും യാഥാർഥ്യ ബോധമുള്ളയാളുമാണെന്ന്'' ചൈനീസ് വക്താവ് പ്രത്യാശ പങ്കുവെച്ചു.
മറുവശത്ത്, തന്ത്രപ്രധാന സാങ്കേതികതകളുടെ കയറ്റുമതി ഉൾപെടെ പുതിയ ഉൽപന്നങ്ങളിൽ കൂടി നിയന്ത്രണം വരുത്താൻ യു.എസ് നീക്കം ആരംഭിച്ചിട്ടുണ്ട്. നേരത്തെ, ട്രംപ് ഭരണകൂടം നടപ്പാക്കിയ ഇറക്കുമതി നിരോധനം എടുത്തുകളയില്ലെന്നും അധികൃതർ പറയുന്നു.
ഇരു രാഷ്ട്രത്തലവൻമാരും തമ്മിലെ സംഭാഷണത്തിന് മുന്നോടിയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കെനും ചൈനീസ് നയതന്ത്ര പ്രതിനിധി യാങ് ജീച്ചിയും തമ്മിൽ ബന്ധപ്പെട്ടിരുന്നു. നേരത്തെ മൈക് പെൻസുമായും യാങ് സംഭാഷണം നടത്തിയിരുന്നു.
ബൈഡനും ഷിയും തമ്മിലെ സംഭാഷണത്തിൽ ഹോങ്കോങ്, തായ്വാൻ വിഷയത്തിൽ യു.എസ് നടുക്കം രേഖപ്പെടുത്തി. നേരത്തെ ട്രംപ് ഭരണത്തിനിടെ, തുടർച്ചയായ ഉപരോധങ്ങളുമായി ചൈനക്കെതിരെ കടുത്ത നിലപാട് തുടർന്ന യു.എസ് ബൈഡൻ കാലത്തും സമാന നയം നടപ്പാക്കാനുള്ള സാധ്യത നിലനിൽക്കുകയാണ്. സിൻജിയാങ്ങിലെ മുസ്ലിം ഉയ്ഗൂറുകൾക്കെതിരെ നടത്തുന്ന വംശഹത്യയുടെ പേരിൽ ചൈനക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിേഷധം ശക്തമാണ്. സാമ്പത്തിക പ്രാധാന്യമുള്ള ദക്ഷിണ ചൈന കടലിൽ ചൈന കൂടുതൽ ശക്തിപ്പെടുത്തിയ സൈനിക സംവിധാനങ്ങൾക്കെതിരെയും വ്യാപക വിമർശനമുണ്ട്. ഈ കടലിലെ പല കൊച്ചുദ്വീപുകളും ചൈന പൂർണമായി സൈനികവത്കരിച്ചുകഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.