കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടർ ഡോ. ഇയാദ് റൻതീസി

ഗസ്സയി​ലെ പ്രമുഖ ഡോക്ടർ ഇസ്രായേൽ തടവറയിൽ കൊല്ലപ്പെട്ടു; വിവരം പുറത്തുവിട്ടത് ഏഴുമാസത്തിന് ശേഷം

തെൽഅവീവ്: ഗസ്സയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടറുമായ ഡോ. ഇയാദ് റൻതീസി (53) ഇസ്രായേൽ തടവറയിൽ കൊല്ലപ്പെട്ടു. 2023 നവംബർ 11ന് ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയ ഡോക്ടർ ആറുദിവസത്തിന് ശേഷം 17നാണ് മരിച്ചത്. എന്നാൽ, ഏഴുമാസം കഴിഞ്ഞ് ഇസ്രായേൽ പത്രമായ ഹാരറ്റ്സ് ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്തപ്പോഴാണ് മരണവിവരം പുറംലോകമറിയുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ അൽശിഫ ഹോസ്പിറ്റൽ ഓർത്തോപീഡിക് വിഭാഗം ഡയറക്ടർ ഡോ. അദ്‌നാൻ അൽബർഷി(53)നെയും ഇസ്രായേൽ ഓഫർ ജയിലിൽ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സേനയായ ഷിൻ ബെറ്റിന്റെ തടങ്കലിലായിരുന്നു ഡോ. ഇയാദ് റൻതീസിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലിനിടെയാണ് മരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണം സംബന്ധിച്ച് കുടുംബത്തിന് ഇതുവ​രെ ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടുമില്ല.

ഇസ്രായേൽ തടവറയിൽ കൊല്ലപ്പെട്ട കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടർ ഡോ. ഇയാദ് റൻതീസി, അൽശിഫ ഹോസ്പിറ്റൽ ഓർത്തോപീഡിക് വിഭാഗം ഡയറക്ടർ ഡോ. അദ്‌നാൻ അൽബർഷ്

വടക്കൻ ഗസ്സ മുനമ്പിലെ ബയ്ത്ത് ലാഹിയ സ്വദേശിയാണ് ഡോ. ഇയാദ്. നവംബർ 11നാണ് അദ്ദേഹത്തെ പിടിച്ചു​കൊണ്ടുപോയത്. ഷിൻ ബെറ്റ് ചോദ്യം ചെയ്യൽ കേന്ദ്രമായ ഷിക്മ ജയിലിൽ വെച്ചാണ് ആറാംനാൾ കൊല്ലപ്പെട്ടത്. ഇത്രയും മാസം പിനിട്ടിട്ടും ഹോസ്പിറ്റൽ അധികൃതർക്കോ റൻതീസിയുടെ കുടുംബത്തിനോ ഇതേക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കമാൽ അദ്‌വാൻ ഹോസ്പിറ്റൽ മാനേജർ ഡോ. ഹുസാം അബു സഫിയ ഹാരെറ്റ്‌സിനോട് പറഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തിൽ വടക്കൻ ഗസ്സയിൽനിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനിടെ തെക്കൻ ഗസ്സയിലേക്ക് പലായനം ചെ​യ്യുമ്പോഴാണ് റൻതീസിയെ ഇസ്രായേൽ അധിനിവേശ സേന പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ശേഷം നിരവധി ഫലസ്തീനി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഇസ്രയേലി കസ്റ്റഡിയിലും ആക്രമണത്തിലും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ രോഗികളെ ചികിത്സിക്കുന്നതിനിടെയായിരുന്നു ഡോ. അദ്‌നാൻ അൽ ബാർഷിനെ ഇസ്രായേൽ സൈന്യം പിടിച്ചു​കൊണ്ടുപോയത്.യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ സൈന്യത്തിന്റെ തേമൻ തടങ്കൽ കേന്ദ്രത്തിൽ 36 പേരും അനറ്റോട്ട് തടങ്കൽ കേന്ദ്രത്തിൽ രണ്ട് പേരും തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ട് പേരും കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ കണക്കുകളിൽ ഇസ്രായേൽ ജയിൽ വകുപ്പിന് കീഴിലുള്ള ജയിലുകളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഉൾപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Prominent Palestinian Doctor, Iyad Rantisi, Dies during Interrogation in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.