ഇസ്ലാമാബാദ്: പാകിസ്താന്‍റെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പാകിസ്താൻ മുസ് ലിം ലീഗ് -നവാസ് (പി.എം.എൽ-എൻ)നെതിരെ പുതിയ ആരോപണവുമായി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ പാർട്ടിയായ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ). പഞ്ചാബ് അസംബ്ലിയിലെ തങ്ങളുടെ നാല് നിയമസഭാംഗങ്ങളെ പി.എം.എൽ-എൻ നേതാവ് തട്ടിക്കൊണ്ടു പോയതായി പി.ടി.ഐ ആരോപിച്ചു.
പി.എം.എൽ-എൻ നേതാവ് ഹംസ ഷെഹബാസിന്‍റെ കസ്റ്റഡിയിലുള്ള അസംബ്ലി അംഗങ്ങളെ മോചിപ്പിക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പി.ടി.ഐ അംഗം ലാഹോർ ഹൈകോടതിയിൽ പരാതി നൽകി. മുഹമ്മദ് സിബതൈൻ ഖാൻ ആണ് ഹേബിയസ് കോർപസ് പരാതി നൽകിയത്.
ഉസ്മ കർദാർ, സാജിദ യൂസഫ്, ഐഷ ചൗധരി (വനിത സീറ്റ്), ഇജാസ് ഒഗസ്താൻ (ന്യൂനപക്ഷ സീറ്റ്) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. മറ്റ് നിയമസഭാംഗങ്ങളും പൊതുജനങ്ങളും കണ്ടുനിൽകെയാണ് സംഭവമെന്ന് പി.ടി.ഐ പറയുന്നു.
അംഗങ്ങളെ പ്രദേശത്തെ ഹോട്ടലിൽ നിയമവിരുദ്ധമായി പാർപ്പിച്ചിരിക്കുകയാണെന്നും അവർക്ക് വലിയ വാഗ്ദാനങ്ങൾ നൽകി പി.ടി.ഐക്കെതിരെ വോട്ട് ചെയ്യാൻ സമ്മർദം ചെലുത്തുകയാണെന്നും മുഹമ്മദ് സിബതൈൻ ഖാൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായി പരിഗണിക്കുന്ന ഹംസ ശെഹബാസ് പ്രധാനമന്ത്രിയായ ഷെഹബാസ് ശെരീഫിന്‍റെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.