യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ രംഗത്ത്. പടിഞ്ഞാറൻ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യമാണെന്നാണ് പുടിന്‍റെ പരാമര്‍ശം. നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യാന്‍ പുടിനും റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനും വിളിച്ചു ചേർത്ത യോഗത്തിലാണ് അമര്‍ഷം രേഖപ്പെടുത്തിയത്.
യുക്രെയ്ന് ആയുധ സഹായം നൽകാനുള്ള യൂറോപ്യൻ യൂനിയന്റെ തീരുമാനത്തെയും റഷ്യ വിമർശിച്ചു. റഷ്യയോടുള്ള വിദ്വേഷം മുഴുവൻ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ്.
അതേസമയം, അമേരിക്ക, ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യൻ യൂനിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്. പുടിന് തന്നെ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് അമേരിക്ക അറിയിച്ചു. ആഗോള തലത്തിൽ പുടിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യു.എസ് ഉപരോധം കൂടുതൽ ശക്തമാക്കി. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റിനിർത്തുമെന്നും അമേരിക്ക അറിയിച്ചു.
ആറ് ദിവസമായി തുടരുന്ന റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ 352 യുക്രെയ്ൻ സിവിലിയൻമാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. ഇതിൽ 14 പേർ കുഞ്ഞുങ്ങളാണ്. അയൽ രാജ്യമായ ബെലറൂസിൽ വെച്ച് ഇരു രാജ്യങ്ങളും സമാധാന ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും യുദ്ധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.