മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിൽ അതിനിർണായകമായ തെക്കൻ റഷ്യയിലെ റോസ്തോവ് നഗരം പിടിച്ച് മോസ്കോയിലേക്ക് കുതിച്ച വാഗ്നർ കൂലിപ്പട്ടാളം ഒടുവിൽ എല്ലാം അവസാനിപ്പിച്ച് മടങ്ങിയെങ്കിലും റഷ്യക്കും പുടിനും എളുപ്പം ഭീതിയടങ്ങില്ല.
കൂലിപ്പട്ടാള മേധാവി യവ്ജനി പ്രിഗോഷിനെ ബലറൂസിലേക്ക് ‘നാടുകടത്തി’യാണ് പുടിൻ തൽക്കാലം മാനംകാത്തത്. എന്നാൽ, റഷ്യ ഒറ്റക്കെട്ടാണെന്ന മിത്ത് ഇതോടെ പൊളിഞ്ഞെന്ന ഇറ്റലി വിദേശകാര്യ മന്ത്രിയുടെ വാക്കുകളെ ശരിവെക്കുന്നു, ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ. 16 മാസമായി യുക്രെയ്നിൽ തുടരുന്ന രക്തരൂഷിത യുദ്ധത്തിൽ റഷ്യൻ സൈനിക നീക്കങ്ങളുടെ ചുക്കാൻപിടിച്ചിരുന്നത് 62കാരനായ പ്രിഗോഷിൻ കൂടിയാണ്.
നീണ്ട പോരാട്ടത്തിനൊടുവിൽ ബഖ്മൂത് പിടിച്ചടക്കുമ്പോൾ മുന്നിലുണ്ടായിരുന്നത് അദ്ദേഹവും വാഗ്നർ സേനയും. ഒടുവിൽ മോസ്കോ ലക്ഷ്യമിടാൻ കാരണമായി അദ്ദേഹം പറഞ്ഞത്, യുദ്ധം ഇനിയും ജയിക്കാനാവാത്ത അഴിമതിക്കാരായ സൈനിക മേധാവികളെ പുറത്താക്കി സൈന്യത്തെ ശുദ്ധീകരിക്കലാണ്.
റോസ്തോവിലെ സൈനിക ആസ്ഥാനത്ത് അദ്ദേഹവും കൂലിപ്പട്ടാളവും പിടിച്ചടക്കാനെത്തുമ്പോൾ അവിടെയുണ്ടായിരുന്ന ഔദ്യോഗിക സൈനികർ പ്രതിഷേധിക്കുക പോലുമുണ്ടായില്ല. നാട്ടുകാരും പിന്തുണ നൽകി. അനായാസം കീഴടങ്ങുമെന്ന് കരുതിയ കൂലിപ്പട ജനപിന്തുണയോടെ വൻനഗരം പിടിച്ചെടുത്തത് മറ്റിടങ്ങളിലും സമാനമായത് ആവർത്തിക്കാമെന്ന സാധ്യതയും മുന്നിൽവെച്ചു.
തുടർന്ന്, ‘നീതിക്കായുള്ള മാർച്ച്’ എന്നുപേരിട്ട് മോസ്കോയിലേക്ക് നടത്തിയ സൈനികനീക്കം യുദ്ധ ടാങ്കുകൾ, കവചിത ട്രക്കുകൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു. ഒടുവിൽ പ്രശ്നമൊഴിവാക്കി പ്രിഗോഷിനെ നാടുകടത്തിയ കരാറിൽപോലും അയാൾക്കെതിരായ എല്ലാ ക്രിമിനൽ കുറ്റങ്ങളും ഒഴിവാക്കുമെന്ന് പ്രത്യേകം ചേർത്തിരുന്നു. മറുവശത്ത്, കലാപം റഷ്യയുടെ അസ്തിത്വംതന്നെ അപകടത്തിലാക്കിയെന്ന് പുടിൻ ടെലിവിഷൻ പ്രസംഗത്തിൽ ഭീതി പങ്കുവെക്കുകയും ചെയ്തു.
റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു, സൈനിക മേധാവി വലേറി ജെറാസിമോവ് എന്നിവരാണ് പ്രിഗോഷിൻ വിരൽ ചൂണ്ടുന്ന പ്രധാനികൾ. ഇരുവരും സൈനിക നിരയുടെ തലപ്പത്ത് ഇരുത്താവുന്നവരല്ലെന്നും മറ്റാരെങ്കിലുമായിരുന്നെങ്കിൽ യുക്രെയ്ൻ അധിനിവേശം എന്നേ പൂർത്തിയാക്കാമെന്നുമാണ് പ്രിഗോഷിന്റെ നിലപാട്.
റഷ്യൻ ജയിലുകളിൽനിന്ന് പുറത്തിറങ്ങിയ ആയിരക്കണക്കിന് മുൻ ജയിൽപുള്ളികളടങ്ങുന്ന വാഗ്നർ കൂലിപ്പട്ടാളം ഉയർത്തുന്ന ഭീഷണി റഷ്യക്ക് ചെറുതായി കാണാനാകില്ല. ആഫ്രിക്കയിലും പശ്ചിമേഷ്യയിലുമായി നിരവധി ഖനികളുടെ നിയന്ത്രണമുള്ള സംഘത്തെ റഷ്യൻ പ്രതിരോധ വകുപ്പിനു കീഴിലാക്കാൻ അടുത്തിടെ പുടിൻ ഉത്തരവിറക്കിയിരുന്നെങ്കിലും പ്രിഗോഷിൻ കരാറിലൊപ്പുവെക്കാതെ വിട്ടുനിന്നു.
അതുംകഴിഞ്ഞ്, രണ്ടുദിവസം മുമ്പ് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി വാഗ്നർ സൈനികർ കൊല്ലപ്പെട്ടതാണ് ഏറ്റവുമൊടുവിലെ പ്രകോപനം. യുക്രെയ്ൻ നേരിട്ട് റഷ്യക്കെതിരെ ആക്രമണം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്നതിനിടെ രാജ്യത്തിനകത്തുതന്നെയുണ്ടായ സംഘർഷം പുടിന് ചില്ലറ ഭീഷണിയൊന്നുമല്ല ഉയർത്തുന്നത്.
റഷ്യയിൽ മൊത്തം അരക്ഷിതാവസ്ഥയായെന്നായിരുന്നു ഇതേക്കുറിച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ വാക്കുകൾ. റൊസ്തോവിൽ സൈനിക നിയന്ത്രണം ആർക്കെന്ന ആധി നിലനിൽക്കുന്നത് യുക്രെയ്നിൽ തുടർന്നുള്ള മുന്നേറ്റങ്ങൾ അപകടത്തിലാക്കും.
അടുത്തിടെ റഷ്യ നിയന്ത്രണത്തിലാക്കിയ ബഖ്മൂത്തിൽ യുക്രെയ്ൻ സേന തിരിച്ചുകയറുന്നുവെന്ന വാർത്ത ഇതോടു ചേർത്തുവായിക്കണം. വിഷയങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന തിരക്കിലാണ് യു.എസ് ഉൾപ്പെടെ നാറ്റോ ശക്തികൾ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ അടക്കം രാജ്യങ്ങളിലെ പ്രമുഖരുമായി ഇതേക്കുറിച്ച് ചർച്ച നടത്തി.
വാഗ്നർ കൂലിപ്പട്ടാളം നയിച്ച സൈനികനീക്കം അവസാനിപ്പിച്ച് ധാരണയായ കരാർ പൂർണമായി പുറത്തുവന്നില്ലെങ്കിലും പ്രിഗോഷിനെ കുറ്റമുക്തനാക്കുമെന്ന വ്യവസ്ഥ ക്രെംലിൻതന്നെ സ്ഥിരീകരിക്കുന്നുണ്ട്. മാർച്ചിൽ പങ്കെടുത്ത വാഗ്നർ കൂലിപ്പട്ടാളക്കാർക്കെതിരെയും നടപടിയുണ്ടാകില്ല. എന്നാൽ, പ്രിഗോഷിൻ ഇനി റഷ്യയിൽ തങ്ങില്ല.
പകരം, കരാറിന് മുൻകൈയെടുത്ത സൗഹൃദ രാജ്യമായ ബലറൂസിൽ അഭയം തേടും. രണ്ടു പതിറ്റാണ്ടായി പ്രിഗോഷിനുമായി സൗഹൃദം നിലനിർത്തുന്നയാളാണ് ബലറൂസ് പ്രസിഡന്റ് ലുകാഷെങ്കോ. ഇതോടൊപ്പം, പ്രിഗോഷിന്റെ ആവശ്യം മുൻനിർത്തി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു അടക്കം രാജിവെക്കേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മറുവശത്ത്, വാഗ്നർ കൂലിപ്പടയെ പതുക്കെ പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും പുടിൻ നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.