വാഷിങ്ടൺ: പ്രകോപനമില്ലാതെ വിദേശരാജ്യങ്ങളിൽ അധിനിവേശം നടത്തുന്ന ഏകാധിപതികൾ വലിയ വില നൽകേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള ആഗോള യുദ്ധത്തിൽ അന്തിമ വിജയം ജനാധിപത്യത്തിനായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.
ചരിത്രത്തിലുടനീളം ഈ പാഠം നമുക്ക് പഠിക്കാനാവും. ഏകാധിപതികൾ അവരുടെ ആക്രമണത്തിന് വില നൽകിയില്ലെങ്കിലും കൂടുതൽ അപകടകാരികളായി മാറും. ഇത്തരം അധിനിവേശ നടപടികളുമായി അവർ മുന്നോട്ടുപോയാൽ ലോകത്തിനും അമേരിക്കക്കും ഭീഷണിയാകും. ഇതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് നാറ്റോ രൂപവത്കരിച്ചത്. 29 രാജ്യങ്ങളുടെ കൂട്ടായ്മയിൽ യു.എസും അംഗമാണ്. നാറ്റോയുടെ വിഷയങ്ങൾ യു.എസിന്റെയും വിഷയമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
യു.എസ് കോൺഗ്രസിൽ നടന്ന സംയുക്ത സെഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. റഷ്യയുടെ ആക്രമണത്തിനെതിരെ ഐക്യത്തോടെ ചെറുത്തുനിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
'യുക്രെയ്നിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോനവുമില്ലാതെ, മുൻകൂട്ടി നിശ്ചയിച്ചപ്രകാരം റഷ്യ കടന്നാക്രമിക്കുകയാണ്. എല്ലാ തലത്തിലുമുള്ള നയതന്ത്ര ശ്രമങ്ങളും പുടിൻ തള്ളിയിരിക്കുന്നു. പടിഞ്ഞാറൻ രാഷ്ട്രങ്ങളും നാറ്റോയും പ്രതികരിക്കില്ലെന്നാണ് അദ്ദേഹം വിചാരിച്ചത്. നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കാമെന്നും പുടിൻ കരുതി. എങ്കിൽ അദ്ദേഹത്തിന് തെറ്റി''.- ബൈഡൻ പറഞ്ഞു. ശക്തമായ തിരിച്ചടികളാണ് യുക്രെയ്ൻ ജനത റഷ്യക്ക് നൽകിക്കൊണ്ടിരിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.