യുക്രെയ്ൻ യുദ്ധം: ചർച്ചക്ക് തയാറെന്ന് പുടിൻ

മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് സമാധാന ചർച്ചകളിൽ മധ്യസ്ഥരായി പ്രവർത്തിക്കാൻ കഴിയുമെന്ന് പുടിൻ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിലെ വ്ലാദിവോസ്റ്റോക്ക് നഗരത്തിലെ ഈസ്റ്റേൺ ഇകണോമിക് ഫോറത്തിൽ ചോദ്യോത്തര സെഷനിലാണ് പുടിൻ ഇത് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം യുക്രെയ്ൻ സന്ദർശിച്ചിരുന്നു.

റഷ്യയുമായി അടുത്ത ബന്ധമുള്ള ഇന്ത്യക്ക് യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക ഇടപെടൽ നടത്താൻ കഴിയുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അന്ന് പറഞ്ഞിരുന്നു. രണ്ടര വർഷത്തിലധികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിൽ അതൊരു പൊൻതൂവലാകും. ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും റഷ്യയുമായി മികച്ച ബന്ധമാണുള്ളത്. ഇറാൻ -സൗദി പ്രശ്നം പറഞ്ഞുതീർത്തത് ഉൾപ്പെടെ ഫലപ്രദമായ നയതന്ത്ര ഇടപെടലിന്റെ പാരമ്പര്യം ചൈനക്കുമുണ്ട്. അതേസമയം, യുക്രെയ്നും റഷ്യയും പോരാട്ടം തുടരുകയാണ്.

വ്യാഴാഴ്ച റഷ്യൻ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഏഴുപേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയിലെ അതിർത്തി ഗ്രാമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. യുക്രെയ്ൻ റഷ്യൻ അതിർത്തിക്കകത്തേക്ക് കടന്നുകയറിയതോടെ കഴിഞ്ഞ മാസം മുതൽ യുദ്ധം ശക്തിപ്രാപിച്ചിട്ടുണ്ട്.

Tags:    
News Summary - Putin Says Russia 'Ready' for Talks With Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.