കിയവ്: കിഴക്കൻ, തെക്കൻ മേഖലകളിലായി യുക്രെയ്ന്റെ 18 ശതമാനം വരുന്ന നാലു പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചു. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളും തെക്ക് സപോറിഷ്യ, ഖേഴ്സൺ എന്നിവയുമാണ് രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് പുടിൻ റഷ്യയുടേതാക്കി മാറ്റിയത്. വർഷങ്ങളായി റഷ്യൻ അനുകൂല വിമതർക്ക് മേൽക്കൈയുള്ള കിഴക്കൻ മേഖലയിൽപോലും റഷ്യക്ക് നിയന്ത്രണം കുറഞ്ഞുവരുന്നതിനിടെയാണ് തിരക്കിട്ട കൂട്ടിച്ചേർക്കൽ. ഇതിനു മുന്നോടിയായി ഹിതപരിശോധന എന്ന പേരിൽ ഈ മേഖലകളിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു.
പട്ടാളക്കാരെ ഉപയോഗിച്ചായതിനാൽ നടപടികൾ ഏകപക്ഷീയമാണെന്ന് രാജ്യാന്തര സമൂഹവും യുക്രെയ്നും കുറ്റപ്പെടുത്തിയിരുന്നു. 2014ൽ ക്രിമിയ കൂട്ടിച്ചേർത്തതിനു സമാനമായാണ് സുപ്രധാന പ്രവിശ്യകൾ റഷ്യ പിടിച്ചെടുത്തത്. കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.കിഴക്കൻ, തെക്കൻ മേഖലകളിൽ റഷ്യ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങൾ അടുത്തിടെ തിരിച്ചുപിടിക്കുകയാണ് യുക്രെയ്ൻ സേന. ഖേഴ്സണിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ എട്ടു ചെറുപട്ടണങ്ങൾ റഷ്യയിൽനിന്ന് വീണ്ടെടുത്തു. കൂട്ടിച്ചേർത്ത നാലു പ്രവിശ്യകളിൽ ഒന്നുപോലും നിലവിൽ പൂർണ റഷ്യൻ നിയന്ത്രണത്തിലല്ല.
ഡോണെറ്റ്സ്കിൽ 40 ശതമാനം ഭൂമിയും യുക്രെയ്ൻ സേനയുടെ കൈകളിലാണ്. എന്നിട്ടും, അരനൂറ്റാണ്ടിനിടെ ഏറ്റവും വലിയ പിടിച്ചെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ പുടിൻ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ അതിർത്തികൾ തീരുമാനിച്ചുവരുന്നേയുള്ളൂവെന്നാണ് റഷ്യൻ വിശദീകരണം. നാലു പ്രവിശ്യകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചായിരുന്നു പുടിന്റെ പ്രഖ്യാപനം. ഇവിടങ്ങളിൽ സ്വന്തം ഭരണം അടിച്ചേൽപിക്കുന്ന നടപടി കൂടുതൽ സംഘർഷം സൃഷ്ടിക്കുമെന്ന ഭീഷണിയുമുണ്ട്.
ഈ പ്രദേശങ്ങളിലുള്ളവർക്ക് പുതിയ പാസ്പോർട്ട് നൽകുന്നതടക്കം നടപടികൾ ആരംഭിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിലാണ് യുക്രെയ്ൻ അധിനിവേശവുമായി റഷ്യൻ സേന എത്തുന്നത്. രണ്ടുലക്ഷം സൈനികരെ ഉപയോഗപ്പെടുത്തിയാണ് ആക്രമണമെങ്കിലും വിദേശ സൈനിക സഹായത്തിന്റെ ബലത്തിൽ റഷ്യൻ തിരിച്ചടി ശക്തമാണ്.എന്നാൽ, പുടിന്റെ പ്രകോപനത്തിനു പിന്നാലെ നാറ്റോ അംഗത്വത്തിന് യുക്രെയ്ൻ ശ്രമം ഊർജിതമാക്കി. തുർക്കിയയുടെ എതിർപ്പ് മറികടന്ന് അതിവേഗം അംഗമാകാനാകുമെന്നാണ് സെലൻസ്കിയുടെ കണക്കുകൂട്ടൽ.
അധിനിവേശം ഉറപ്പിച്ച് നാലു പ്രവിശ്യകൾ കൂട്ടിച്ചേർത്ത റഷ്യൻ നീക്കത്തിനുപിന്നാലെ 62.5 കോടി (5000 കോടി രൂപ) ഡോളർ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്. ഇതിന്റെ ഭാഗമായി ഹിംറാസ് റോക്കറ്റ് ലോഞ്ചറുകളുൾപ്പെടെ കൈമാറും. ഹിംറാസുകൾക്കുപുറമെ 32 ഹോവിറ്റ്സർ തോക്കുകൾ, 75,000 പടക്കോപ്പുകൾ എന്നിവയും നൽകും. യു.എസും യൂറോപ്യൻ രാജ്യങ്ങളും നൽകുന്ന ആയുധങ്ങളുടെ ബലത്തിൽ അടുത്തിടെയായി യുക്രെയ്ൻ സേന ശക്തമായ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. റഷ്യ പിടിച്ച നിരവധി ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.