ദോഹ/കെയ്റോ: ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവയുടെ നീക്കത്തെ ഖത്തറും ഈജിപ്തും പ്രശംസിച്ചു. അംഗീകാരം നൽകുന്നത് സ്വാഗതാർഹമായ നടപടിയാണെന്ന് ഇസ്രായേലിനും ഹമാസിനുമിടയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇരുരാഷ്ട്രങ്ങളും പ്രതികരിച്ചു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഈ പ്രഖ്യാപനം പിന്തുണക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്ന സുപ്രധാന ചുവടുവയ്പാണിതെന്നും മറ്റ് രാജ്യങ്ങളും ഇൗ മാതൃക പിൻപറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തർ അഭിപ്രായപ്പെട്ടു.
ഫലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന നടപടികൾ ചൊവ്വാഴ്ചയോടെ പൂർത്തിയാക്കുമെന്നാണ് സ്പെയിൻ, നോർവേ, അയർലൻഡ് എന്നിവ അറിയിച്ചത്. ആദ്യം നോർവേ പ്രധാനമന്ത്രി ജൊനാസ് ഗഹർ സ്റ്റോ ആണ് പ്രഖ്യാപനം നടത്തിയത്. ‘ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ലെങ്കിൽ പശ്ചിമേഷ്യയിൽ സമാധാനം പുലരില്ല. ഇതുവഴി നോർവേ അറബ് സമാധാന പദ്ധതിയെയും അംഗീകരിക്കുകയാണ്’- അദ്ദേഹം പറഞ്ഞു. പിറകെ അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസും തുടർന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും മേയ് 28ഓടെ നടപടികൾ പൂർത്തിയാക്കി ഫലസ്തീനെ എല്ലാ അവകാശങ്ങളോടെയും അംഗീകരിക്കുകയാണെന്ന് അറിയിച്ചു.
Statement: Qatar Welcomes Norway, Ireland, Spain's Recognition of State of Palestine#MOFAQatar pic.twitter.com/GrvAXxwE2p
— Ministry of Foreign Affairs - Qatar (@MofaQatar_EN) May 22, 2024
143 രാജ്യങ്ങൾ നിലവിൽ ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നവരാണ്. െസ്ലാവീനിയ, മാൾട്ട രാജ്യങ്ങൾ കഴിഞ്ഞ മാർച്ചിൽ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, യൂറോപ്പിലെ നിരവധി രാജ്യങ്ങളും അമേരിക്കയും അംഗീകരിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ചീഫ് പ്രോസിക്യൂട്ടർ കഴിഞ്ഞദിവസം നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ക്രിമിനൽ നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരപ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്.
അംഗീകാരത്തിൽ പ്രതിഷേധമറിയിച്ച് ഇസ്രായേൽ, അയർലൻഡിലെയും നോർവേയിലെയും അംബാസഡർമാരെ തിരിച്ചുവിളിച്ചു. ഇസ്രായേൽ മന്ത്രി ഇത്തമർ ബെൻഗ്വിർ അൽഅഖ്സയിൽ പ്രവേശിച്ച് സംഘർഷം സൃഷ്ടിക്കുമെന്ന സൂചന നൽകി. ഫലസ്തീനുള്ള നികുതിപ്പണം പിടിച്ചുവെക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി സ്മോട്രിച്ചും പ്രഖ്യാപിച്ചു. എന്നാൽ, വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ നേതൃത്വവും ഹമാസും നടപടി സ്വാഗതം ചെയ്തു. സൗദി അറേബ്യയടക്കം രാജ്യങ്ങളും പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ചു.
വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്തീനികളുടെ പരമാധികാരം അംഗീകരിക്കുന്നതാണ് ഫലസ്തീൻരാഷ്ട്ര അംഗീകാരം. ദ്വിരാഷ്ട്ര പരിഹാരം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഫലസ്തീനികളും ഇതിനെ കാണുന്നത്. ഓസ്ലോ കരാറടക്കം ഫലസ്തീൻ വിഷയത്തിൽ സുപ്രധാന ഇടപെടലുകൾക്ക് നേതൃത്വം നൽകിയ നോർവേയാണ് ഫലസ്തീന് പുതുതായി അംഗീകാരം പ്രഖ്യാപിച്ച മൂന്നു രാജ്യങ്ങളിൽ ആദ്യമായി എത്തിയതെന്നതും പ്രാധാന്യമർഹിക്കുന്നതാണ്.
1988 നവംബറിൽ അൽജീരിയയിലെ യോഗത്തിലാണ് ഫലസ്തീൻ ദേശീയ കൗൺസിൽ ആദ്യമായി സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നത്. തൊട്ടുപിറകെ അൽജീരിയ ഫലസ്തീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യവുമായി. വൈകാതെ ഏഷ്യയിലെയും ആഫ്രിക്കയിലെയും കിഴക്കൻ യൂറോപ്പിലെയും ഒട്ടുമിക്ക രാജ്യങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. 2010ലും തൊട്ടടുത്ത വർഷത്തിലുമായി ബ്രസീൽ, അർജന്റീന, ചിലി അടക്കം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.