എലിസബത്ത് രാജ്ഞിക്ക് രാജപദവിയിൽ സപ്തതി; ആഘോഷത്തിമിർപ്പിൽ രാജ്യം

ലണ്ടൻ: അധികാരത്തിൽ ഏഴു പതിറ്റാണ്ട് പിന്നിട്ട് പുതുചരിത്രം കുറിച്ച എലിസബത്ത് രാജ്ഞിക്കൊപ്പം ആഘോഷം കെങ്കേമമാക്കി ഇംഗ്ലീഷ് ജനത. 70 വർഷവും നാലു മാസവുമായി എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയുടെ പരമാധികാരിയാണ്.

മുമ്പ് വിക്ടോറിയ രാജ്ഞി 63 വർഷം അധികാരത്തിലിരുന്നതാണ് പഴയ റെക്കോഡ്. ചരിത്രത്തിൽ രണ്ടു പേർ മാത്രമാണ് ഇതിലേറെ കാലം ലോകം ഭരിച്ചവർ- ഫ്രാൻസിന്റെ ലൂയി 14ാമനും (72 വർഷത്തിലേറെ) തായ്‍ലൻഡിന്റെ ഭൂമിബോൽ അതുല്യതേജും (70 വർഷവും നാലു മാസവും). നിലവിൽ ലോകത്തെ ഏറ്റവും പ്രായമേറിയ ഭരണാധികാരിയെന്ന റെക്കോഡും 96കാരിയായ എലിസബത്ത് രാജ്ഞിക്കു സ്വന്തം. 100 ലേറെ രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ട് അവർ.

ഒപ്പുവെച്ചത് 4,000 നിയമനിർമാണ കേസുകളിൽ. ജപ്പാന്റെ ഹിരോഹിതോ ചക്രവർത്തി, പോളണ്ടിന്റെ ലെക് വലേസ, യു.എസ് പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങി എണ്ണമറ്റ ലോക നേതാക്കൾക്ക് ആതിഥ്യം നൽകി. 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ഇവർക്കു കീഴിൽ ജോലിചെയ്തിട്ടുണ്ട്. വിൻസ്റ്റൺ ചർച്ചിൽ (1952-1955) ആയിരുന്നു ആദ്യം. ഈ കാലയളവിൽ 14 യു.എസ് പ്രസിഡന്റുമാരിൽ 13 പേരെയും നേരിൽ കണ്ടു. ചർച്ച് ഓഫ് ഇംഗ്ലണ്ട് പരമാധികാരി കൂടിയായ രാജ്ഞി നാലു മാർപാപ്പമാരുമായും കൂടിക്കാഴ്ച നടത്തി. ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജ്ഞിയെന്ന റെക്കോഡും അവരുടെ പേരിൽ.

1952 ഫെബ്രുവരിയിൽ 25ാം വയസ്സിലാണ് രാജ്ഞി പദവിയിൽ പ്രവേശിച്ചത്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നാലു ദിവസം നീളുന്ന പ്രത്യേക ആഘോഷ പരിപാടികളാണ് നടക്കുക. ക്വീൻസ് ബർത്ത്ഡേ പരേഡ് എന്ന് വിളിക്കപ്പെടുന്ന സൈനിക നേതൃത്വത്തിലുള്ള ട്രൂപ്പിങ് ദി കളർ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.

ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ വിയോഗം, പ്രായം അലട്ടുന്ന മകൻ ചാൾസിന് അധികാരം കൈമാറുന്നതിലെ പ്രശ്നങ്ങൾ, സ്വന്തം വാര്‍ധക്യത്തിന്റെ അവശതകള്‍, മൂന്ന് മക്കളുടെയും വിവാഹത്തിലുണ്ടായ കശപിശകൾ തുടങ്ങി രാജ്ഞി നേരത്തെ കൈകാര്യം ചെയ്തതോ നിലവിൽ അഭിമുഖീകരിക്കുന്നതോ ആയ വെല്ലുവിളികളും ഏറെ.

Tags:    
News Summary - Queen Elizabeth II's 70 years on the throne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.