വാഷിങ്ടൺ: അമേരിക്കയുടെ കടപരിധി ഉയർത്തിയത് വൻ സാമ്പത്തിക തകർച്ച ഒഴിവാക്കിയെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഓവൽ ഓഫിസിൽനിന്ന് ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാസാക്കിയ ബില്ലിൽ ശനിയാഴ്ച അദ്ദേഹം ഒപ്പുവെച്ചതോടെ നിയമമായി മാറി. ബിൽ പാസാക്കാൻ സഹകരിച്ച കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. തികഞ്ഞ ആത്മാർഥതയോടെയാണ് റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 31.4 ട്രില്യൺ ഡോളറിന്റെ കടം തിങ്കളാഴ്ചയോടെ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ വൻ ദുരന്തമാകുമായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു.
യുദ്ധം, പ്രകൃതി ദുരന്തം തുടങ്ങിയ വൻ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് ഓവൽ ഓഫിസിൽനിന്ന് പ്രസിഡന്റ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാറുള്ളത്. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കാരണമാണ് ബൈഡൻ ഓവൽ ഓഫിസിൽനിന്ന് ജനങ്ങളോട് സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
കടപരിധി ഉയർത്തുന്നത് സംബന്ധിച്ച് നാലാഴ്ചയോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ധാരണയിൽ എത്തിയത്. അന്തിമ സമയപരിധിയായ ജൂൺ അഞ്ചിനുമുമ്പ് ബിൽ പാസാക്കാൻ കഴിയുമോയെന്നുപോലും ഒരു ഘട്ടത്തിൽ സംശയമുണ്ടായിരുന്നു. കോൺഗ്രസിൽ പാസായ ബിൽ വ്യാഴാഴ്ച രാത്രി 63-36 എന്ന നിലയിലാണ് സെനറ്റ് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.