ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം അറസ്റ്റ് ചെയ്തു; തുൽകറമിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചുവെന്ന് റെഡ് ക്രസന്റ്

ഗസ്സ: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽസേന കനത്ത ആക്രമണം തുടരുന്നതായി ഫലസ്തീൻ റെഡ് ക്രസന്റ്. റെഡ് ക്രെസന്റിന്റെ സംവിധാനങ്ങൾക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെ പോലും ഇ​സ്രായേൽ സേന അറസ്റ്റ് ചെയ്തുവെന്ന് റെഡ് ക്രെസന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ​തുൽകറമിലെ അഭയാർഥി ക്യാമ്പിലേക്കുള്ള അടിസ്ഥാന സൗകര്യവും ഇസ്രായേൽ തകർത്തു. ഇതുമൂലം ആംബുലൻസുകൾക്ക് ക്യാമ്പിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റെഡ് ക്രസന്റ് വ്യക്തമാക്കി.

ഗസ്സയിലെ പകുതിയിലധികം ആശുപത്രികളും പ്രവർത്തിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. 36 ആശുപത്രികളിൽ 22 എണ്ണവും നിലവിൽ പ്രവർത്തിക്കുന്നില്ല. ഇന്ധന ക്ഷാമം, ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര തകരാർ, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് ആശുപത്രികളുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. അടിയന്തര ശസ്ത്രക്രിയ നടത്താനും രോഗികളെ ചികിത്സിക്കാനുമുള്ള സംവിധാനം ആശുപത്രികളിൽ ഉണ്ടാക്കണം. സിവിലിയൻമാരേയും ആരോഗ്യസംവിധാനത്തേയും സംരക്ഷിക്കണം. മനുഷ്യാവകാശ നിയമങ്ങളെ ബഹുമാനിക്കാൻ എല്ലാവരും തയാറാവണമെന്നും ലോകാരോഗ്യ സംഘടന ട്വീറ്റിൽ ആവശ്യപ്പെട്ടു.

ഇന്ധന ക്ഷാമത്തെ തുടർന്ന് ഗസ്സയിലെ എല്ലാ ആശുപത്രികളും അടുത്ത 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗസ്സയിലെ ആരോഗ്യ സംവിധാനം, പ്രത്യേകിച്ച് വടക്കൻ മേഖലയിൽ ഇതിനകം തന്നെ പ്രവർത്തനരഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അഷ്റഫ് അൽ ഖുദ്ര അറിയിച്ചു.ഗസ്സയിലെ രണ്ടു പ്രധാന ആശുപത്രികളായ അൽ ശിഫയും അൽ ഖുദ്സും ഇന്ധന ക്ഷാമത്തെ തുടർന്ന് കഴിഞ്ഞദിവസം പ്രവർത്തനം നിർത്തിവെച്ചിരുന്നു.

ഇസ്രായേൽ സൈന്യത്തിന്‍റെ നിർദേശപ്രകാരം നവംബർ അഞ്ചു മുതൽ ഇതുവരെ വടക്കൻ ഗസ്സയിൽനിന്ന് തെക്കൻ മേഖലയിലേക്ക് രണ്ടുലക്ഷം ഫലസ്തീനികൾ ഒഴിഞ്ഞുപോയിട്ടുണ്ട്. ജനം കൂട്ടത്തോടെ ക്യാമ്പുകളിലേക്ക് എത്തുന്നതും വെള്ളം, ഭക്ഷണം എന്നിവയുടെ ക്ഷാമവും ആശങ്ക വർധിപ്പിക്കുന്നതായി യു.എൻ പ്രതിനിധികൾ പറയുന്നു. പലരും സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാൻ നിർബന്ധിതരാകുകയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും ജലജന്യരോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Red Crescent under ‘continuous attacks’ by Israeli forces in Tulkarem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.