ഖാൻ യൂനിസ്: ഉത്തര ഗസ്സയിൽ ഇസ്രായേൽ സേന ആക്രമണം രൂക്ഷമാക്കുകയും സഹായ വിതരണം തടയുകയും ചെയ്തതോടെ ആയിരങ്ങൾ കഴിയുന്നത് കൊടും പട്ടിണിയിൽ. പട്ടിണി മാറ്റാൻ ഭക്ഷ്യവസ്തുക്കളൊന്നും കിട്ടാത്തതിനാൽ രണ്ട് മാസമായി കാലിത്തീറ്റയും പുല്ലുമാണ് കഴിക്കുന്നതെന്ന് 57 കാരിയായ അഭയാർഥി സദേയിയ അൽ റഹേൽ പറഞ്ഞു.
ബൈത് ലാഹിയയിൽ പലരും അഭയം തേടിയ സ്കൂളുകളിൽനിന്നും ഒഴിഞ്ഞുപോകുകയാണ്. ബുധനാഴ്ച ഡ്രോണുകൾ ഉപയോഗിച്ച് സ്കൂളുകൾക്കുമേൽ ബോംബിട്ടതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും സകലതും നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.
അതേസമയം, വംശഹത്യ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണത്തെ തുടർന്ന് വീടും വേണ്ടപ്പെട്ടതുമെല്ലാം നഷ്ടപ്പെട്ട് ടെന്റുകളിൽ കഴിയുന്ന അഭയാർഥികൾക്കുനേരെ വീണ്ടും കണ്ണിൽ ചോരയില്ലാതെ ബോംബിട്ടു. പലയിടങ്ങളിൽനിന്നും ആക്രമണം ഭയന്ന് പലായനം ചെയ്തുവന്ന പതിനായിരങ്ങൾ കഴിയുന്ന മുവാസിയിലെ ടെന്റുകളിൽ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. സംരക്ഷിത മേഖലയെന്ന് ഇസ്രായേൽ തന്നെ പ്രഖ്യാപിച്ച പ്രദേശത്താണ് സൈന്യം ബോംബിട്ടത്. മുമ്പ് ഇസ്രായേൽ സേന ടെന്റുകൾക്കുമേൽ ബോംബിട്ടത് കടുത്ത അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.