ഖർത്തൂം: സുഡാൻ പൊലീസ് ഡയറക്ടർ ജനറലിനെയും ഡെപ്യൂട്ടി ഡയറക്ടറെയും സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക് പുറത്താക്കി. സൈനിക അട്ടിമറിയിലൂടെ പുറത്തായ ശേഷം സൈന്യവുമായുണ്ടാക്കിയ കരാറിലൂടെ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമാണ് ഹംദൂകിെൻറ നടപടി.
പൊലീസ് ഡയറക്ടർ ജനറൽ ഖാലിദ് മഹ്ദി ഇബ്രാഹിം അൽ ഇമാം, ഡെപ്യൂട്ടി ഡയറക്ടർ അലി ഇബ്രാഹിം എന്നിവരെയാണ് സ്ഥാനത്തു നിന്ന് നീക്കിയത്. ഇവർക്ക് പകരം യഥാക്രമം അനാൻ ഹമദ് മുഹമ്മദ് ഉമർ, മുദ്ദസിർ അബ്ദുറഹ്മാൻ നസ്റുദ്ദീൻ അബ്ദുല്ല എന്നിവരെ നിയമിച്ചു. സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തിയ 40ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനു നേരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രകടനം നടത്തിയവർക്ക് നേരെ പൊലീസ് വെടിവെച്ചുവെന്ന ആരോപണം ഖാലിദ് മഹ്ദി ഇബ്രാഹിം അൽ ഇമാം നിഷേധിച്ചിരുന്നു.
അതേസമയം, സൈന്യവുമായി ഹംദൂക് ഉണ്ടാക്കിയ കരാർ വഞ്ചനയാണെന്ന് ഒരുകൂട്ടം ജനാധിപത്യ പ്രക്ഷോഭകർ ആരോപിച്ചു. സൈന്യത്തിന് അധികാരം പിടിക്കാനുള്ള രാഷ്ട്രീയ സംരക്ഷണം നൽകുന്നതാണ് നടപടിയെന്ന് അവർ ആരോപിക്കുന്നു.
ഒക്ടോബറിൽ നടന്ന സൈനിക അട്ടിമറിയെക്കുറിച്ച് ഹംദൂകിന് അറിവുണ്ടായിരുന്നുവെന്നും പൂർണ സമ്മതമായിരുന്നുവെന്നും ഇടക്കാല സർക്കാറിന് കീഴിലുണ്ടായിരുന്ന പരമാധികാര കൗൺസിലിെൻറ ഉപമേധാവി ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ 'അൽജസീറ' ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതിനിടെ, മൂന്ന് രാഷ്ട്രീയത്തടവുകാരെ കൂടി സുഡാൻ അധികൃതർ മോചിപ്പിച്ചു. കാബിനറ്റ് കാര്യ മന്ത്രിയായിരുന്ന ഖാലിദ് ഉമർ യൂസുഫ്, ഖർത്തൂം ഗവർണർ അയ്മൻ ഖാലിദ് നിമിർ, സാമ്പത്തികകാര്യ കമീഷണർ മാഹിർ അബു അൽഗൗഖ് എന്നിവരെയാണ് വിട്ടയച്ചതെന്ന് വാർത്തവിതരണ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പ്രധാനമന്ത്രി ഹംദൂക്കിെൻറ മാധ്യമ ഉപദേഷ്ടാവ് ഫായിസ് അൽ സുലൈക് ഉൾപ്പെടെ അഞ്ചുപേരെ മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.