ബന്ദികളുടെ കുടുംബങ്ങൾ തെൽഅവീവിനും ജറുസലേമിനും ഇടയിലുള്ള പ്രധാന ഹൈവേയിൽ പ്രതീകാത്മക ബന്ദി കൂടുകൾ സ്ഥാപിച്ച് ഗതാഗതം തടയുന്നു

‘ഞങ്ങൾക്കവരുടെ ശവം വേണ്ട, ജീവനോടെ തരൂ’ -ബന്ദിമോചന കരാർ ഒപ്പിടണ​മെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ റോഡ് ഉപരോധിച്ചു

തെൽഅവീവ്: ബന്ദിക​ളെ മോചിപ്പിക്കാൻ ഹമാസുമായി ഉടൻ കരാറിലേർപ്പെടണമെന്നാവശ്യപ്പെട്ട് ഇസ്രായേലി ബന്ദികളുടെ ബന്ധുക്കൾ തെൽഅവീവിൽ ഹൈവേ ഉപരോധിച്ചു. ഗസ്സയിൽ തടവിൽ കഴിയുന്ന 19 സ്ത്രീകളുടെ കട്ടൗട്ടുകൾ റോഡിൽ നിരത്തിയാണ് ബന്ധുക്കൾ ഗതാഗതം തടഞ്ഞത്.

തെൽ അവീവിലെ അയലോൺ ഹൈവേയിൽ ഇന്ന് രാവിലെയായിരുന്നു ഉപരോധം. “ഇപ്പോൾ ഡീൽ ചെയ്യുക”, “ഞങ്ങൾക്ക് അവരെ ജീവനോടെയാണ് വേണ്ടത്, ശവപ്പെട്ടിയിലല്ല” എന്ന് സമരക്കാർ മുദ്രാവാക്യം മുഴക്കി.

കഴിഞ്ഞ വെള്ളിയാഴ്ച ബന്ദികളുടെ കുടുംബങ്ങൾ തെൽഅവീവിനും ജറുസലേമിനും ഇടയിലുള്ള പ്രധാന ഹൈവേയിൽ പ്രതീകാത്മക കൂടുകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരുന്നു. റോഡിന് നടുവിൽ അഞ്ച് ഇടുങ്ങിയ കൂടുകൾ വെച്ച് ബന്ദികളുടെ പ്രതീകമായി അതിനകത്ത് ഇരുന്നാണ് പ്രതിഷേധിച്ചത്. ‘SOS’, ‘ഞങ്ങളെ രക്ഷിക്കൂ’, ‘സഹായിക്കൂ’ എന്നിങ്ങനെ ബാനറുകളും എഴുതിയിരുന്നു. ടയറുകൾ കത്തിച്ച് വാഹന ഗതാഗതം തടഞ്ഞ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഇസ്രായേൽ പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു.

"പ്രധാനമന്ത്രി, അവരെ (ബന്ദികളെ) വീട്ടിലേക്ക് കൊണ്ടുവരേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. തീവ്ര നിലപാടുകാരായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിനെയും ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ചിനെയും അവഗണിക്കുക. 154 ദിവസമായി നരകത്തിൽ കഴിയുന്ന ബന്ദികളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരിക” പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


ഒക്ടോബർ ഏഴിന് നടത്തിയ ഓപറേഷനിൽ ഇസ്രായേൽ സൈനികരടക്കം 253 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. നവംബർ അവസാനത്തോടെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ കരാറിൽ ഇവരിൽ 105 സാധാരണക്കാരെ ഹമാസ് മോചിപ്പിച്ചിരുന്നു. ശെസനികരടക്കം 130 ബന്ദികൾ ഇപ്പോഴും ഗസ്സയിൽ അവശേഷിക്കുന്നുണ്ട്. മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ സമ്മതിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ ആക്രമണത്തിൽ നിരവധി ബന്ദികൾ കൊല്ലപ്പെട്ടതായാണ് ഹമാസ് അറിയിച്ചത്.

Tags:    
News Summary - Relatives of Israeli captives block Tel Aviv highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.