വാഷിങ്ടൺ: അഫ്ഗാൻ ഭരിക്കുന്ന താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എസിലെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന സെനറ്റർമാർ രംഗത്ത്. താലിബാൻ മന്ത്രിസഭയിലെ 14 അംഗങ്ങൾ യു.എൻ ഭീകരപ്പട്ടികയിൽ ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണിത്. താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ചുമത്താനും സെനറ്റർമാർ ആവശ്യപ്പെട്ടു.
സെനറ്റർമാരായ മാർകോ റൂബിയോ, ടോമി ടുബർവില്ലെ, മൂർ കാപിറ്റോ, ഡാൻ സുള്ളിവൻ,ടോം ടില്ലിസ്,സിൻതിയ ലുമ്മിസ് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം കോൺഗ്രസ് പാസാക്കുകയും നിയമമാവുകയും ചെയ്താൽ താലിബാന് സഹായം ചെയ്യുന്നവർക്കെതിരെ ഉപരോധം ചുമത്താൻ കഴിയും. താലിബാൻ ഭരിക്കുന്ന അഫ്ഗാൻ ലോകരാജ്യങ്ങൾക്ക് ഭീഷണിയാണെന്നും റൂബിയോ പറഞ്ഞു.
അഫ്ഗാനിൽ ഇന്നുമുതൽ ആൺകുട്ടികൾ പഠനം തുടരും
കാബൂൾ: ശനിയാഴ്ച മുതൽ അഫ്ഗാനിലെ സ്കൂളുകൾ തുറക്കാൻ ഉത്തരവിട്ട് താലിബാൻ ഭരണകൂടം. ആറുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും വിദ്യാലയങ്ങളിലെത്താനാണ് ആവശ്യപ്പെട്ടത്.
എന്നാൽ പെൺകുട്ടികൾ എന്തുചെയ്യണമെന്ന് താലിബാൻ വ്യക്തമാക്കിയിട്ടില്ല. നേരത്തേ ഒന്നുമുതൽ ആറു വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്ഗാനിലെ ചില പ്രവിശ്യകളിൽ സ്ത്രീകളെ ജോലിക്കു പോകാനും അനുവദിക്കുന്നില്ല.
അഫ്ഗാനെ ആർക്കും പുറത്തുനിന്ന് നിയന്ത്രിക്കാനാകില്ല –ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: അഫ്ഗാനെ ആർക്കും പുറത്തുനിന്ന് നിയന്ത്രിക്കാനാകില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. താലിബാൻ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട ഇംറാൻ അഫ്ഗാന് പാകിസ്താൻ സഹായം തുടരുമെന്നും വ്യക്തമാക്കി. താജികിസ്താൻ തലസ്ഥാനമായ ദുഷാൻബെയിൽ ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇംറാൻ.
പുതിയ അഫ്ഗാൻസർക്കാർ വിദേശസഹായത്തെ ആശ്രയിച്ചാണ് കഴിയുന്നെതന്ന് എല്ലാവർക്കും ഓർമ വേണം. താലിബാൻ അവിടെ അധികാരം പിടിച്ചെടുത്തുവെന്നത് യാഥാർഥ്യമാണ്. ആ രാജ്യം വീണ്ടും കലാപഭൂമിയാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണം. അവിടെ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന് അതിയായ താൽപര്യമുണ്ടെന്നും ഇംറാൻ കൂട്ടിച്ചേർത്തു.
ചൈന, റഷ്യ, കസഖ്സ്താൻ, കിർഗിസ്താൻ, താജികിസ്താൻ, ഉസ്ബകിസ്താൻ, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.