ബ്രസൽസ്: ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ മൊറോക്കോയോട് ബെൽജിയം തോറ്റതിൽ പ്രകോപിതരായി ബ്രസൽസിൽ വ്യാപക അക്രമം. ജനക്കൂട്ടം വാഹനങ്ങൾ കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഘർഷത്തിൽ പത്തിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെൽജിയം തലസ്ഥാനമായ ബ്രസിൽസിലുടനീളം നിരവധി സ്ഥലങ്ങളിൽ സംഘർഷമുണ്ടായി. ഫുട്ബോൾ ആരാധകർ പലതവണ പൊലീസുമായി ഏറ്റുമുട്ടി. മണിക്കൂറുകൾക്കുശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായും സംഘർഷ മേഖലകളിൽ പട്രോളിങ് തുടരുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
തകർപ്പൻ അട്ടിമറിക്കാണ് മൊറോക്കോ - ബെൽജിയം മത്സരം സാക്ഷിയായത്. ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുമായ ബെൽജിയത്തെ 2-0ത്തിനാണ് മൊറോക്കോ കീഴടക്കിയത്. അൽതുമാമ സ്റ്റേഡിയത്തിൽ ബെൽജിയം വിയർത്ത മത്സരമായിരുന്നു. വമ്പൻ താരങ്ങൾക്കെതിരെ പതറാതെ പന്തുതട്ടിയ 'അറ്റ്ലസ് സിംഹക്കൂട്ടങ്ങൾ' 73ാം മിനിറ്റിൽ പകരക്കാരൻ അബ്ദുൽ ഹമീദ് സബിരിയിലൂടെ ആദ്യ ഗോൾ നേടി.
92ാം മിനിറ്റിൽ ഇഞ്ചുറി സമയത്ത് മറ്റൊരു പകരക്കാരനായ സക്കരിയ അബൂഖ്ലാൽ വിജയമുറപ്പിച്ചതോടെ ഖത്തർ ലോകകപ്പിലെ മൂന്നാം അട്ടിമറിക്ക് ആരാധകർ സാക്ഷ്യംവഹിച്ചു. തിരിച്ചടിക്കാനുള്ള ശ്രമം മൊറോക്കോ ഫലപ്രദമായി തടഞ്ഞു. ബെൽജിയത്തിന്റെ പ്രതിരോധത്തിന്റെ ദൗർബല്യം വടക്കൻ ആഫ്രിക്കൻ ടീം പലവട്ടം കാണിച്ചുകൊടുത്തു. സിയേക്കിന്റെ ക്രോസിൽനിന്ന് സക്കരിയ ഗോളടിച്ചതോടെ ബെൽജിയത്തിന്റെ തോൽവി സമ്പൂർണമായി. 24 വർഷത്തിനു ശേഷമാണ് മൊറോക്കോ ലോകകപ്പിലെ മത്സരം ജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.