ടോക്യോ: കോവിഡും ലോക്ഡൗണും ജനങ്ങളുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ചില്ലറയൊന്നുമല്ല ബാധിച്ചത്.
േകാവിഡ് കാലത്ത് അനുഭവപ്പെട്ട ഒറ്റപ്പെടലിന്‍റെയും ഏകാന്തതയുടെയും ഫലമായുണ്ടായ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കാരണം നിരവധിയാളുകളാണ് ആത്മഹത്യ ചെയ്തത്. ഇക്കാലത്ത് ജപ്പാനിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്.
ഇതിന് പരിഹാരം കാണുന്നതിനും രാജ്യത്തെ ആത്മഹത്യ നിരക്ക് കുറച്ച് ജനങ്ങളെ സന്തുഷ്ടരാക്കാൻ കാബിനറ്റ് റാങ്കിൽ പുതിയ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് ജപ്പാൻ സർക്കാർ. മിസ്റ്റർ ഓഫ് ലോണ്‍ലിനെസ് (ഏകാന്തതാ മന്ത്രി) എന്ന പേരിലാണ് ഫെബ്രുവരി ആദ്യത്തിൽ പുതിയ മന്ത്രിയെ നിയമിച്ചത്. ടെറ്റ്സുഷി സകാമോട്ടോയ്ക്കാണ് ചുമതല.
കോവിഡ് കാലത്ത് രാജ്യത്തെ ആത്മഹത്യനിരക്ക് കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ജനങ്ങളുടെ ഏകാന്തതയും മാനസിക സംഘർഷങ്ങളും കുറക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വകുപ്പിന്‍റെ ഉത്തരവാദിത്വം.
സ്ത്രീകളുടെ ആത്മഹത്യാനിരക്ക് കൂടുന്ന വിഷയത്തിൽ പ്രത്യേക ഊന്നല്‍ നല്‍കി ആവശ്യമായ നടപടി സ്വീകരിക്കാനും ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കാന്‍ അനിവര്യമായ കാര്യങ്ങള്‍ ചെയ്യാനും പ്രധാനമന്ത്രി യോഷിഹിഡെ സുഗ ചുമതലപ്പെടുത്തിയതായി സാകാമോട്ടോ പറഞ്ഞു.
ജപ്പാനിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവരിൽ ഏറെയും സ്ത്രീകളാണ്. പുരുഷന്മാരേക്കാൾ സ്വയം നിരീക്ഷണവും ക്വാറന്‍റീനും മൂലമുള്ള മാനസിക സമ്മർദ്ദം സ്ത്രീകളെയാണ് കൂടുതൽ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പ്രായമായവർ നേരിടുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 2018 ൽ ബ്രിട്ടീഷ് സർക്കാരും മന്ത്രിയെ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.