ധാക്ക: പിറന്ന നാട്ടിൽനിന്ന് ഭരണകൂടം ആട്ടിപ്പായിച്ചതിന്റെ കരൾ നുറുങ്ങുന്ന വേദനകൾ പുതുക്കി റോഹിങ്ക്യകൾ. 2017 ആഗസ്റ്റിലാണ് പടിഞ്ഞാറൻ മ്യാന്മറിലെ രാഖൈൻ പ്രവിശ്യയിൽ താമസിച്ചുവന്ന റോഹിങ്ക്യകൾ കൂട്ട ആക്രമണത്തിനും കുടിയിറക്കലിനും ഇരയാകുന്നത്. ആയിരങ്ങൾ അറുകൊല ചെയ്യപ്പെട്ടു.
വീടുകൾ ചാമ്പലായി. 300 ഗ്രാമങ്ങളാണ് മ്യാന്മർ ചരിത്രത്തിൽനിന്ന് തുടച്ചുനീക്കപ്പെട്ടത്. എല്ലാറ്റിനും മുന്നിൽനിന്ന് പട്ടാളം വംശഹത്യയുടെ നായകരായി. ദിവസങ്ങൾക്കിടെ അഭയാർഥികളായത് ഏഴര ലക്ഷം പേർ. പീഡനം സഹിക്കാനാവാതെ പിന്നെയും എണ്ണം കൂടിവന്ന് അത് ദശലക്ഷത്തിനു മുകളിലായി. ഏറ്റവും കൂടുതൽ പേർ താമസിച്ചുവരുന്ന ബംഗ്ലാദേശിലെ കോക്സ് ബസാറിൽ മാത്രം ഇടുങ്ങിയ ക്യാമ്പുകളിലായി ലക്ഷങ്ങൾ താമസിച്ചുവരുന്നുണ്ട്.
മുളകൾ നാട്ടി ടാർപോളിൻ ഷീറ്റുകളിട്ടുള്ള കൂരകൾ. മഴ പെയ്താൽ ചളിയിൽ പുതയും. കാൽനടപോലും പ്രയാസമാകും. വീടുകൾ ചിലപ്പോൾ പ്രളയമെടുക്കും. സ്വന്തം നാട്ടിലേക്ക് മടക്കം സ്വപ്നംകാണുന്ന ഇവർക്കു മുന്നിൽ ഭരണകൂടം വാതിലുകൾ കൊട്ടിയടച്ചുനിൽക്കുന്നതിനാൽ എന്തു ചെയ്യുമെന്ന ആശങ്ക മാത്രം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.