റോഹിങ്ക്യൻ കൂട്ടക്കൊല; വിചാരണ തീയതി പ്രഖ്യാപിച്ച്​ അന്താരാഷ്ട്ര കോടതി

റോഹിങ്ക്യ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ വിചാരണ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര കോടതി (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്). മ്യാന്‍മര്‍ റോഹിങ്ക്യ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്‌തെന്ന പരാതിയിന്മേലാണ് വിചാരണ. ഫെബ്രുവരി 21 മുതല്‍ വിചാരണ നടപടികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.നിലവിലെ പട്ടാള ഭരണകൂടത്തിന്റെ പ്രതിനിധികള്‍ കോടതിയില്‍ വിചാരണക്ക് ഹാജരാകണം.


പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയുടെ അറ്റോര്‍ണി ജനറല്‍ ജൗഡ ജാലൗ ആണ് കേസ് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള അന്താരാഷ്ട്ര കോടതിക്ക്​ മുന്നിലെത്തിച്ചത്. ഹൈബ്രിഡ് ഹിയറിങ് ആയിരിക്കും നടത്തുക. കൊവിഡ് സാഹചര്യം മൂലം ചിലര്‍ നേരിട്ട് വിചാരണക്ക് ഹാജരാകുകയും ചിലര്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്യുന്ന രീതിയെയാണ് ഹൈബ്രിഡ് ഹിയറിങ് എന്ന് പറയുന്നത്. 2019ല്‍ അന്നത്തെ മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി, കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹേഗിലെ കോടതിയെ സമീപിച്ചിരുന്നു. 2021ലായിരുന്നു പട്ടാള അട്ടിമറിയിലൂടെ സൂചിയെ പുറത്താക്കി മ്യാന്‍മര്‍ സൈന്യം ഭരണം പിടിച്ചെടുത്തത്. അതിന് പിന്നാലെ സൂചിയെ തടവിലാക്കിയിരുന്നു. ആറ് വര്‍ഷത്തേക്കാണ് പട്ടാളം സൂചിക്ക്​ തടവ്​ വിധിച്ചിരിക്കുന്നത്.


സൂചിക്കെതിരെ അഞ്ച് പുതിയ അഴിമതിക്കേസുകൾ കൂടി സൈന്യം ഫയൽ ചെയ്​തിരുന്നു. ഹെലികോപ്ടർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ. നിയമവിരുദ്ധമായി വാക്കി ടോക്കി കൈവശം വെച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ഇവർക്ക്​ തടവുശിക്ഷ വിധിച്ചിരുന്നു.2017ലെ പട്ടാള അടിച്ചമര്‍ത്തലിന് പിന്നാലെ ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യ മുസ്‌ലിങ്ങളാണ് മ്യാന്‍മറില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ബംഗ്ലാദേശിലേക്കാണ് ഏറ്റവും കൂടുതല്‍ റോഹിങ്ക്യകള്‍ കുടിയേറിയത്. 

Tags:    
News Summary - Rohingya genocide: World Court announced date for Trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.