റോഹിങ്ക്യൻ നേതാവ് മുഹിബുല്ല വെടിയേറ്റ് മരിച്ചു

കോക്സ് ബസാർ (ബംഗ്ലാദേശ്): റോഹിങ്ക്യൻ അഭയാർഥികളുടെ കൂട്ടായ്മയായ അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സിന്‍റെ (എ.ആർ.പി.എസ്.എച്ച്) ചെയർമാൻ മുഹമ്മദ് മുഹിബുല്ല വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി ഒഖിയയിലെ അഭയാർഥി ക്യാമ്പിൽവെച്ച് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

രാത്രി നമസ്കാരത്തിന് ശേഷം കുതുപലോങ്ങിലെ ഒാഫീസിന് പുറത്ത് അഭയാർഥി നേതാക്കളുമായി സംസാരിക്കവെയാണ് നാലംഗ സംഘം മുഹിബുല്ലയുടെ അടുത്തെത്തി വെടിയുതിർത്തത്. ഉടൻതന്നെ ക്യാമ്പിലെ എം.എസ്.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അജ്ഞാത സംഘം മൂന്നു തവണ മുഹമ്മദ് മുഹിബുല്ലക്ക് നേരെ വെടിയുതിർത്തതായി എ.ആർ.പി.എസ്.എച്ച് വക്താവ് മുഹമ്മദ് നൗഖിം പറഞ്ഞു.

കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. എന്നാൽ, അരകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയാണ് മുഹിബുല്ലയെ വധിച്ചതെന്ന് റോഹിങ്ക്യൻ നേതാവ് എ.എഫ്.പിയോട് പറഞ്ഞു. പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. മുഹിബുല്ലയുടെ വധത്തിന് പിന്നാലെ രാജ്യത്തെ 34 റോഹിങ്ക്യൻ ക്യാമ്പുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സായുധസേനയെ വിന്യസിച്ചതായും പൊലീസ് വക്താവ് റഫീഖുൽ ഇസ് ലാം അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പാണ് ബംഗ്ലാദേശിലേത്. 7,40,000 അഭയാർഥികളാണ് ഈ ക്യാമ്പിൽ കഴിയുന്നത്. 48കാരനായ മുഹിബുല്ലയാണ് അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനക്ക് രൂപം നൽകിയത്. മ്യാൻമർ സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തുന്ന അതിക്രമങ്ങളിൽ അന്വേഷണം നടത്താൻ ഈ സംഘടനയാണ് സഹായിക്കുന്നത്.  2019ൽ റോഹിങ്ക്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് യു.എസ് പ്രസിഡന്‍റുമായി മുഹിബുല്ല കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Rohingya leader Mohib Ullah shot dead in Bangladesh refugee camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.