മോസ്കോ: ഏഴ് ആഴ്ചത്തെ ഉപരോധത്തിനൊടുവിൽ തുറമുഖ നഗരമായ മരിയുപോൾ പിടിക്കാനൊരുങ്ങി റഷ്യ. മരിയുപോളിലെ ഭീമൻ സ്റ്റീൽ പ്ലാന്റായ അസോവ്സ്റ്റലിലെ ഭൂഗർഭപാതക്കുള്ളിൽ നിലയുറപ്പിച്ച 2500 യുക്രെയ്ൻ സൈനികർ മാത്രമാണ് തങ്ങളെ പ്രതിരോധിക്കാൻ അവശേഷിക്കുന്നതെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ. അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിക്കുള്ളിലുള്ള സൈനികർ കീഴടങ്ങണമെന്ന് ഞായറാഴ്ച രാവിലെ റഷ്യ അന്ത്യശാസനം നൽകി. ആയുധം താഴെവെക്കുന്നവരുടെ ജീവൻ സുരക്ഷിതമായിരിക്കുമെന്ന് അവർ ഉറപ്പു നൽകി. പ്രതിരോധം തുടർന്നാൽ തകർത്തുകളയുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനഷെങ്കോവ് പറഞ്ഞു.
മരിയുപോൾ പിടിക്കുകയെന്നത് റഷ്യക്ക് ഏറെ പ്രധാനമാണ്. 2014ൽ അവർ പിടിച്ച ക്രിമിയയിലേക്ക് ഇതുവഴി കരമാർഗമുള്ള 'ഇടനാഴി' ഒരുക്കാനാകും. മാത്രമല്ല, മരിയുപോൾ വീണാൽ ഇവിടെയുള്ള സൈനികരെ വലിയ തോതിൽ പിൻവലിച്ച് കിഴക്കൻ യുക്രെയ്നിലെ വ്യവസായ പ്രദേശമായ ഡോൺബസിനെ ആക്രമിക്കാനുമാവും.
അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിയോട് ചേർന്ന 11 സ്ക്വയർ കിലോമീറ്റർ പ്രദേശത്ത് ഇപ്പോഴും ശക്തമായ യുക്രെയ്ൻ ആധിപത്യമുണ്ട്. ഇവിടെ റഷ്യ കടുത്ത ആക്രമണം തുടരുകയാണ്. ഇവിടെയുള്ള എല്ലാവരെയും ഇല്ലാതാക്കാനാണ് റഷ്യൻ ശ്രമമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. അസോവ് കടലിലെ തുറമുഖ നഗരം സംരക്ഷിക്കാൻ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകണം. ഇപ്പോഴത്തെ റഷ്യൻ ആക്രമണം യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ സാധ്യതതന്നെ അട്ടിമറിക്കും -സെലൻസ്കി തുടർന്നു.
മരിയുപോളിൽ യുക്രെയ്ൻ പ്രതിരോധ ഭടൻമാർ റഷ്യൻ സേനയെ 'പിടിച്ചുകെട്ടിയതായി' യുക്രെയ്ൻ പ്രതിരോധ സഹമന്ത്രി ഹന്ന മല്യാർ പറഞ്ഞു. അധിനിവേശം എട്ടാഴ്ചയാകുമ്പോഴും യുക്രെയ്ൻ പൂർണമായും പിടിക്കാൻ റഷ്യക്കായിട്ടില്ല. പലയിടത്തും വലിയ ആൾനാശവും സൈനിക നഷ്ടവുമുണ്ടാവുകയും ചെയ്തു. തലസ്ഥാനമായ കിയവ് അധിനിവേശത്തിന് തൊട്ടുപിന്നാലെ വീഴുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. റഷ്യയുടെ കരിങ്കടലിലെ പ്രധാന യുദ്ധക്കപ്പൽ തകരുകയും ചെയ്തു.
അതിനിടെ, റഷ്യയുടെ മുതിർന്ന ഉപ കമാൻഡർ വ്ലാദിമിർ പെട്രോവിച് ഫ്രൊലോവ് യുദ്ധത്തിൽ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കിയവിന് സമീപമുള്ള ആയുധനിർമാണ ഫാക്ടറി കനത്ത ആക്രമണം നടത്തി തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. സൂക്ഷ്മമായുള്ള ലക്ഷ്യസ്ഥാനത്തെത്തുന്ന മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. യുക്രെയ്നുള്ള യു.എസ് സൈനിക സഹായം എത്തിത്തുടങ്ങിയതായി സി.എൻ.എൻ റിപ്പോർട്ടുണ്ട്. യൂറോപ്യൻ യൂനിയൻ റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. റഷ്യയിലെ ഏറ്റവും വലിയ വായ്പാ ബാങ്കായ സ്ബർബാങ്കിനും ഉപരോധം വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.